ഇവർ ഇംഗ്ലണ്ടിനെതിരായ വിക്കറ്റ് വേട്ടക്കാരിലെ ഇന്ത്യയുടെ ആദ്യ അഞ്ച് പേർ

single-img
22 March 2021

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്ന് മത്സര ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് നാളെ പൂനെയില്‍ തുടക്കം കുറിക്കുകയാണ്. നിലവിൽ അവർക്കെതിരെ ടെസ്റ്റ്,ടി20 പരമ്പര നേടിയ ഇന്ത്യ ഏകദിനവും തൂത്തുവാരാന്‍ ഒരുങ്ങുമ്പോള്‍ ഇംഗ്ലണ്ടിനെതിരേ കൂടുതല്‍ ഏകദിന വിക്കറ്റ് നേടിയ അഞ്ച് ഇന്ത്യന്‍ ബൗളര്‍മാര്‍ ആരൊക്കെ എന്ന് നമുക്ക് ഒന്ന് നോക്കാം.

ലിസ്റ്റിൽ രവീന്ദ്ര ജഡേജയാണ് ഒന്നാമത്. 2011 മുതൽ 2017 വരെയുള്ള കാലയളവില്‍ 22 മത്സരം കളിച്ച ജഡേജ 37 വിക്കറ്റാണ് വീഴ്ത്തിയത്. അതിൽ തന്നെ 28 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് അദ്ദേഹത്തിന്റെ മികച്ച പ്രകടനം. മാത്രമല്ല, രണ്ട് തവണ നാല് വിക്കറ്റ് പ്രകടനം നടത്താന്‍ ജഡേജയ്ക്ക് സാധിച്ചിട്ടുണ്ട്.

വിരമിച്ച സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. 2002 മുതൽ 2011 വരെയുള്ള കാലയളവില്‍ 23 മത്സരം കളിച്ച ഹര്‍ഭജന്‍ വീഴ്ത്തിയത് 36 വിക്കറ്റാണ്. ഇതിൽ 31 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് അദ്ദേഹത്തിന്റെ മികച്ച പ്രകടനം.

അതേപോലെതന്നെ മുന്‍ ഇന്ത്യന്‍ പേസര്‍ ജവഗല്‍ ശ്രീനാഥാണ് ഈ പട്ടികയിലെ മൂന്നാമന്‍.1992 മുതൽ -2003 വരെയുള്ള കാലയളവിനുള്ളില്‍ 21 മത്സരത്തില്‍ നിന്ന് 35 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. ഇതിൽ 41 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് അദ്ദേഹത്തിന്റെ മികച്ച പ്രകടനം.

ഇവർക്ക് പിന്നാലെ ആര്‍ അശ്വിനാണ് നാലാം സ്ഥാനത്ത്. 23 മത്സരത്തില്‍ നിന്ന് 35 വിക്കറ്റാണ് അശ്വിനും വീഴ്ത്തിയത്. ഇപ്പോൾ അശ്വിന്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ മാത്രമാണ് കളിക്കുന്നത്. അവസാനമായി കപില്‍ ദേവാണ് ഈ റെക്കോഡില്‍ അഞ്ചാം സ്ഥാനത്ത്.23 മത്സരത്തില്‍ നിന്ന് 28 വിക്കറ്റാണ് അദ്ദേഹം നേടിയത്.