ഇടതിന്റെ വലുപ്പം കുറഞ്ഞതുകൊണ്ടല്ല; ഒലിച്ചുപോയ മണ്ണ് തിരിച്ചുപിടിക്കാനാണ് കേരളത്തിലൊഴികെ കോൺഗ്രസുമായി ബാന്ധവം: സീതാറാം യച്ചൂരി

single-img
22 March 2021

ഇടതു പാർട്ടികൾക്ക് അടിയന്തരാവസ്ഥക്കാലത്തും തുടർന്നിങ്ങോട്ടും ലക്ഷ്യം കോൺഗ്രസിനെ പരാജപ്പെടുത്തുകയെന്നതായിരുന്നു. എന്നാലിപ്പോൾ കേരളത്തിലൊഴികെ കോൺഗ്രസുമായി വ്യക്തവും പരസ്യവുമായ ധാരണയോടെ തിരഞ്ഞെടുപ്പിൽ സിപിഎം മൽസരിക്കുന്നത് ഒലിച്ചുപോയ മണ്ണ് തിരിച്ചുപിടിക്കാനാണ്. എന്നിട്ടുവേണം വീണ്ടും ചുവടുറപ്പിക്കാൻ. കേരളം, ബംഗാൾ, തമിഴ്നാട്, പുതുച്ചേരി, അസം നിയമസഭാ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. 

എല്ലാ തിരഞ്ഞെടുപ്പിലും പ്രാഥമിക ലക്‌ഷ്യം ആരാണ് സർക്കാർ രൂപീകരിക്കേണ്ടത്? സാഹചര്യമനുസരിച്ചാണ് ആ തീരുമാനം. ഇന്ന്,  ബിജെപി രാജ്യത്തിന്റെ ഭരണഘടനയും മതനിരപേക്ഷ അടിത്തറയും തകർക്കാൻ നീങ്ങുന്നു; മനുഷ്യരുടെ ദൈനംദിന ജീവിതമാർഗങ്ങളെ ആക്രമിക്കുന്നു; എല്ലാത്തരം വിയോജിപ്പുകളെയും കാടൻ രീതിയിൽ നേരിടുന്നു. അത്തരത്തിലുള്ളവർ അധികാരത്തിലുണ്ടാവാൻ പാടില്ല. അതുറപ്പാക്കാൻ എല്ലാ മതനിരപേക്ഷ ജനാധിപത്യ കക്ഷികളും ഒന്നിച്ചു നിൽക്കണം. 

എന്നാൽ, അതിനുള്ള രീതി ഓരോ സംസ്ഥാനത്തെയും രാഷ്ട്രീയ സ്ഥിതിയെ ആശ്രയിച്ചിരിക്കും. ഇന്ത്യയുടെ വിവിധങ്ങളായ സങ്കീർണതകൾ പരിഗണിക്കണം. അതിനാൽ ഇപ്പോൾ കോൺഗ്രസുമായി സഹകരണമെന്ന ഞങ്ങളുടെ നിലപാടിൽ വൈരുധ്യമില്ല. 2004ൽ ഞങ്ങൾ പറഞ്ഞു: ബിജെപിയുടെ വാജ്പേയി സർക്കാർ അധികാരത്തിൽ തിരിച്ചുവരരുത്; ബദൽ മതനിരപേക്ഷ സർക്കാരിനെ ഞങ്ങൾ  ‍പിന്തുണയ്ക്കും.

കോൺഗ്രസ് നേതൃത്വത്തിൽ മാത്രമേ മതനിരപേക്ഷ സർക്കാരുണ്ടാക്കാനാവൂ എന്ന് വ്യക്തമായിരുന്നു. എന്നിട്ടും കേരളത്തിൽ ജനം ‍‍ഞങ്ങൾക്ക് 18 സീറ്റ് തന്നു, കോൺഗ്രസിന് ഒരു സീറ്റുപോലും ലഭിച്ചില്ല. ഇടതിനു ലോക്സഭയിൽ ലഭിച്ച 61 സീറ്റിൽ 57ഉം കോൺഗ്രസിനെ പരാജയപ്പെടുത്തിയുള്ളതായിരുന്നു. എന്നിട്ടും ഞങ്ങൾ മൻമോഹൻ സിങ് സർക്കാരിനെ പിന്തുണച്ചു. രാജ്യതാൽപര്യമായിരുന്നു കാരണം. ഇന്നത്തെ സാഹചര്യത്തിലും, ബിജെപി ഒരു സംസ്ഥാനത്തും സർക്കാരുണ്ടാക്കരുത്. 

അത് ഇടതിന്റെ വലുപ്പം കുറഞ്ഞതുകൊണ്ടല്ല. ഞങ്ങൾ കോൺഗ്രസിനെ കേന്ദ്രത്തിൽ  പിന്തുണച്ചത് തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ ഇടതിന്റെ പാദമുദ്ര ഏറ്റവും കൂടുതൽ ഉണ്ടായിരുന്നപ്പോഴാണ്, 2004ൽ. അപ്പോൾ, പിന്തുണയ്ക്ക് വലുപ്പവുമായി ബന്ധമില്ല. തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ ഞങ്ങൾ ദുർബലമായതിനാൽ കോൺഗ്രസിനെ പിന്തുണയ്ക്കുന്നു എന്ന അനുമാനം ശരിയല്ല.  സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി മനോരമ ന്യൂസിനോട് പറഞ്ഞു.