പ്രചാരണ ബോർഡിൽ പത്മനാഭസ്വാമി ക്ഷേത്ര ചിത്രം; കൃഷ്ണ കുമാറിനെതിരെ പരാതി

single-img
22 March 2021

നിയമസഭാ തെരഞ്ഞെടുപ്പിലെ ബി ജെ പി സ്ഥാനാർത്ഥിയും സിനിമാ താരവുമായ കൃഷ്ണ കുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ യൂത്ത് കോൺ​ഗ്രസ് തിരുവനന്തപുരം മണ്ഡലം കമ്മറ്റിയുടെ പരാതി. കൃഷ്ണ കുമാറിന്റെ പ്രചാരണ ബോര്‍ഡില്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ചിത്രം ഉപയോഗിച്ചതിലൂടെ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചുവെന്നാണ് യൂത്ത് കോൺഗ്രസ് പരാതിയിൽ പറയുന്നത്.

തിരുവനന്തപുരം നഗരത്തിലെ മുട്ടത്തറ, വലിയശാല ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ചിത്രം പതിപ്പിച്ച കൃഷ്ണ കുമാറിന്റെ പേരിലുള്ള ബോർഡുകൾ സ്ഥാപിച്ചത്. തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനായി സ്ഥാനാർത്ഥികൾ മത ചിഹ്നമോ അതുമായി ബന്ധപ്പെട്ട കാര്യങ്ങളോ ഉപയോഗിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ കൃഷ്ണ കുമാറിനെതിരെ നടപടി വേണമെന്ന് യൂത്ത് കോൺഗ്രസ് പറയുന്നു.