ബിജെപിക്ക് തിരിച്ചടി; നാമനിർദ്ദേശ പത്രിക തള്ളിയ സംഭവം; കോടതിക്ക് ഇടപെടാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

single-img
21 March 2021

സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിർദ്ദേശ പത്രിക തള്ളിയ സംഭവത്തില്‍ കോടതിക്ക് ഇടപെടാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍. തെരഞ്ഞെടുപ്പ് നടന്നുകഴിഞ്ഞ് ഫലപ്രഖ്യാപനത്തിന് ശേഷം തെരഞ്ഞെടുപ്പ് ഹർജിയിലൂടെ മാത്രമേ തെരഞ്ഞെടുപ്പിൽ ഇടപെടാനാകൂ എന്ന് കമ്മീഷന്‍ കോടതിയില്‍ അറിയിച്ചു.

തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ശേഷം കോടതി ഇടപെടരുന്നതിൽ തടസമുണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാദം. വിജ്ഞാപനം വന്ന ശേഷമുള്ള കോടതി ഇടപെടൽ സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പിനെ തടസപ്പെടുത്തുമെന്നും കമ്മീഷന്‍ കോടതിയില്‍ പറഞ്ഞു. നാമനിർദ്ദേശ പത്രിക തള്ളിയതിനെതിരെ തലശ്ശേരിയിലെയും ഗുരുവായൂരിലെയും എൻഡിഎ സ്ഥാനാ‍ർത്ഥികള്‍ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി.

തലശേരിയിലെ എൻഡിഎ സ്ഥാനാ‍ർത്ഥിയുടെ പത്രിക തള്ളിയതിരെതിരെ നല്‍കിയ ഹര്‍ജിയില്‍ എതിർ സത്യവാങ്മൂലം സമ‍ർപ്പിക്കാൻ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. തലശ്ശേരിയിലെ കോൺഗ്രസ് സ്ഥാനാ‍നാർത്ഥി പി വി അരവിന്ദാക്ഷൻ കേസിൽ കക്ഷി ചേരാൻ അപേക്ഷ നൽകിയിട്ടുണ്ട്. നാമനിർദ്ദേശ പത്രിക തള്ളിയതിനെതിരെ ദേവികുളത്തെ എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന ആർ എം ധനലക്ഷ്മിയും ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.