സ്വാതന്ത്ര്യസമരത്തെ ഒറ്റികൊടുത്ത വഞ്ചകർക്ക് രക്തസാക്ഷിത്വത്തിന്റെ മൂല്യവും മഹത്ത്വവും ഒരുകാലത്തും മനസിലാവില്ല: മന്ത്രി തോമസ് ഐസക്

single-img
21 March 2021

കഴിഞ്ഞ ദിവസം ബിജെപി സ്ഥാനാർഥി പുന്നപ്ര – വയലാർ രക്ത സാക്ഷി സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയതിനെതിരെ രൂക്ഷവിമർശനവുമായി ധനമന്ത്രി തോമസ് ഐസക്. ബ്രിട്ടീഷുകാരുടെ ഷൂ നക്കിയും അവർക്കു പാദസേവ ചെയ്തും സ്വാതന്ത്ര്യസമരത്തെ ഒറ്റികൊടുത്ത വഞ്ചകർക്ക് രക്തസാക്ഷിത്വത്തിന്റെ മൂല്യവും മഹത്ത്വവും ഒരുകാലത്തും മനസിലാവുകയില്ല. അതു മനസിലാകണമെന്ന് ആർക്കും വാശി പിടിക്കാനുമാവില്ലെന്നും ഐസക് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പിലെ നാമനിർദേശപത്രിക സമർപ്പിക്കുന്നതിന് മുൻപ് രക്തസാക്ഷി മണ്ഡപത്തിൽ എത്തി സന്ദീപ് വചസ്പതി പുഷ്പാര്‍ച്ചന നടത്തിയത്. ഭാരത് മാതാ കീ ജയ് മുദ്രാവാക്യം വിളിച്ച ശേഷമായിരുന്നു വചസ്പതിയുടെ പുഷ്പാർച്ചന.

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം:

കലാപം സൃഷ്ടിക്കുക എന്ന ഗൂഢോദ്ദേശ്യത്തോടെയാണ് പുന്നപ്ര വയലാർ രക്തസാക്ഷികളെ ബിജെപി അധിക്ഷേപിക്കുന്നത്. സ്മാരകങ്ങളിൽ അതിക്രമിച്ചു കയറി രക്തസാക്ഷികളെ അവഹേളിച്ചാൽ സ്വാഭാവികമായും കനത്ത തിരിച്ചടി പ്രതീക്ഷിക്കും. എന്നാൽ വലിയ ആത്മസംയമനമാണ് സഖാക്കൾ പ്രകടിപ്പിച്ചത്.

തിരഞ്ഞെടുപ്പുകാലത്ത് ക്രമസമാധാനം തകർക്കാനുള്ള ബോധപൂർവമായ ശ്രമം നാടു തിരിച്ചറിഞ്ഞു കഴിഞ്ഞു.ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ എല്ലാ സാധ്യതയുമുണ്ട്. ഇത്തരമൊരു നീചകൃത്യം ചെയ്തവർ എന്തും ചെയ്യാൻ മടിക്കില്ലെന്ന കരുതൽ എല്ലാവർക്കും ഉണ്ടാകണം. ഇത്തരം ഹീന കൃത്യങ്ങളെ അപലപിക്കാനോ തള്ളിപ്പറയാനോ ബിജെപി നേതൃത്വവും ഇതുവരെ മുന്നോട്ടു വന്നിട്ടില്ല എന്നും നാം കാണണം.

ഉന്നതതലങ്ങളിലാണ് ഗൂഢാലോചന നടന്നത് എന്ന് വ്യക്തമാണ്.ബ്രിട്ടീഷുകാരുടെ ഷൂ നക്കിയും അവർക്കു പാദസേവ ചെയ്തും സ്വാതന്ത്ര്യസമരത്തെ ഒറ്റികൊടുത്ത വഞ്ചകർക്ക് രക്തസാക്ഷിത്വത്തിന്റെ മൂല്യവും മഹത്ത്വവും ഒരുകാലത്തും മനസിലാവുകയില്ല. അതു മനസിലാകണമെന്ന് ആർക്കും വാശി പിടിക്കാനുമാവില്ല. വിഷം മുറ്റിയ സംഘികളിൽ നിന്ന് വിവേകവും സംസ്ക്കാരവും ആരും പ്രതീക്ഷിക്കുന്നുമില്ല.എന്നാൽ, സംയമനം ദൌർബല്യമാണെന്ന് കരുതുകയുമരുത്.