നിയമവാഴ്ചക്ക് കേരളസർക്കാർ തടസം നിൽക്കുന്നു; എം. ശിവശങ്കറിന്റെ ജാമ്യം അടിയന്തരമായി റദ്ദാക്കണമെന്ന് ഇഡി സുപ്രിംകോടതിയില്‍

single-img
20 March 2021

എം. ശിവശങ്കറിന്റെ ജാമ്യം അടിയന്തരമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കി. എം. ശിവശങ്കര്‍ സർക്കാരിന്റെ സ്വാധീനം   ദുരുപയോഗപ്പെടുത്തുന്നു. അന്വേഷണം അട്ടിമറിക്കാന്‍ എം. ശിവശങ്കര്‍ ശ്രമിക്കുന്നുവെന്നും ഇഡി ഹര്‍ജിയില്‍ ആരോപിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വ്യാജ തെളിവുണ്ടാക്കാൻ ശിവശങ്കർ ശ്രമിക്കുന്നുവെന്നും ഇ ഡി ആരോപിക്കുന്നു.

അടിയന്തരമായി എം. ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി ഡെപ്യൂട്ടി ഡയറക്ടറാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുന്നു, അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നു, അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാജ തെളിവുകളുണ്ടാക്കാന്‍ ശ്രമിക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്.

ഇ ഡി അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ കേരള പൊലീസ് കേസെടുത്ത വിവരം ഇ ഡി സുപ്രീം കോടതിയെ അറിയിച്ചു. നിയമവാഴ്ച ഉറപ്പാക്കുന്നതിന് കേരളത്തിലെ സർക്കാർ തന്നെ തടസം നിൽക്കുന്നുവെന്നും ഇ ഡി പറയുന്നു. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ സമ്മർദ്ദം ചെലുത്തുന്നുവെന്ന് വരുത്താൻ സിവിൽ പൊലീസ് ഉദ്യോഗസ്ഥയെ കൊണ്ട് ഇതിനായി മൊഴി നൽകിപ്പിച്ചു വെന്നും ഇ ഡി ആരോപിക്കുന്നു.

കഴിഞ്ഞ ദിവസം ലൈഫ് അഴിമതി അന്വേഷിക്കുന്ന ഇ ഡി ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന് മേൽ എൻഫോഴ്സമെന്റ് ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തിയെന്ന വനിതാ പൊലീസ് ഉദ്യോഗസഥരുടെ മൊഴിയിലാണ് കേസ്.