കോടികള്‍ കൊടുത്ത് നേതാക്കളെ പിടിക്കാന്‍ ബി.ജെ.പിയുടെ പ്രത്യേകസംഘം കേരളത്തിൽ; അവസരവാദികള്‍ എല്ലാ പാര്‍ട്ടികളിലുമുണ്ട്: മുല്ലപ്പള്ളി

single-img
20 March 2021

മറ്റു പാർട്ടികളിലെ നേതാക്കന്മാരെ പിടിക്കാൻ ബിജെപിയുടെ പ്രത്യേകസംഘം കേരളത്തിലുണ്ടെന്ന് കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പാര്‍ട്ടി വിടാന്‍ പോകുന്ന നേതാക്കന്മാർക്ക് കോടികള്‍ വാഗ്ദ്ധാനം ചെയ്യുന്നുണ്ടെന്നും, വ്യക്തിത്വമുള്ള കോൺഗ്രസുകാർ പോകില്ലെന്നും അവസരവാദികള്‍ എല്ലാ പാര്‍ട്ടികളിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചാക്കിട്ട് പിടുത്തത്തില്‍ പരിചയമുള്ള കര്‍ണാടക നേതാക്കളാണ് സംഘത്തിലുള്ളതെന്നും മുല്ലപ്പള്ളി ആരോപിച്ചു.

ബി.ജെ.പിയിലേക്ക് വരാന്‍ ചിലര്‍ പണം വാഗ്ദാനം ചെയ്തെന്ന എം.എ വാഹിദിന്റ വെളിപ്പെടുത്തലിന്റ പിന്നാലെയാണ് പ്രസിഡന്‍റിന്‍റ പ്രതികരണം. ധര്‍മടത്ത് കരുത്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്താനാകാത്തതില്‍ ദുഖമുണ്ടന്നും  മുല്ലപ്പള്ളി  വ്യക്തമാക്കി. വാളയാർ പെൺകുട്ടികളുടെ അമ്മയെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിപ്പിക്കാൻ ആലോചിച്ചിരുന്നു. തടസം നിന്നത് പ്രാദേശിക കോൺഗ്രസ് നേതൃത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലയാളമനോരമക്കു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.

അതേസമയം യു ഡി എഫ് പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. ന്യായ് പദ്ധതിയും ശബരിമല ആചാര സംരക്ഷണത്തിന് നിയമനിര്‍മാണവും ഉള്‍പ്പടെ ഭരണം പിടിക്കാന്‍ ലക്ഷ്യമിട്ടുള്ള ജനക്ഷേമ വാഗ്ദ്ധാനങ്ങള്‍ പട്ടികയിലുണ്ടാകും.