ആഗോളവത്ക്കരണത്തിനെതിരായ പോരാട്ടത്തെക്കുറിച്ച് പറഞ്ഞ് ജനങ്ങളെ വിഡ്ഢികളാക്കുന്നു; മുഖ്യമന്ത്രിയെ പരിഹസിച്ച് ചെന്നിത്തല

single-img
19 March 2021

ആഗോളവത്ക്കരണത്തിനെതിരെ പോരാടുന്ന രാജ്യത്തെ ഏകസംസ്ഥാന സര്‍ക്കാര്‍ കേരളമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കമ്മ്യൂണിസ്റ്റ് ആശയങ്ങളെയെല്ലാം കാറ്റില്‍ പറത്തി മുതലാളിത്തത്തിന്റെ രൂപങ്ങളെയെല്ലാം വാരിപ്പുണര്‍ന്ന ശേഷം തെരഞ്ഞെടുപ്പ് എത്തിയപ്പോള്‍ ആഗോളവത്ക്കരണത്തിനെതിരായ പോരാട്ടത്തെക്കുറിച്ച് പറഞ്ഞ് ജനങ്ങളെ വിഡ്ഢികളാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രി ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് ഈ തെരഞ്ഞെടുപ്പു കാലത്തെ ഏറ്റവും വലിയ തമാശയാണെന്നും മുഖ്യമന്ത്രിയുടെ വാക്ക് കേട്ട് ചിരിക്കാതിരിക്കുന്നതെങ്ങനെയാണെന്നും അദ്ദേഹം പറഞ്ഞു. മലയാളികളുടെ ആരോഗ്യ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്‌ളറിന് രഹസ്യമായി മറിച്ചു നല്‍കുന്നു, ആഗോള കുത്തക കമ്പനിയായ പി.ഡബ്‌ളിയു.സിക്ക് സെക്രട്ടേറിയറ്റില്‍ ബ്രാഞ്ച് തുടങ്ങാന്‍ ഇരിപ്പടം ഒരുക്കുന്നു, ആഗോള കുത്തക കമ്പനികളെയെല്ലാം ക്ഷണിച്ചു കൊണ്ടു വന്ന് ഭരണഘടനയും നിയമങ്ങളും ലംഘിച്ച് കണ്‍സള്‍ട്ടന്‍സി നല്‍കി പണം തട്ടുന്നു.

ലണ്ടനിലെ സ്റ്റോക്ക് എക്‌സചേഞ്ചില്‍ പോയി മണി അടിച്ച് കൊള്ളപ്പലിശയ്ക്ക് മസാലാ ബോണ്ടിറക്കി കേരളത്തെ കടക്കെണിയിലാക്കുന്നു, അമേരിക്കന്‍ കുത്തക കമ്പനിയായ ഇ.എം.സി.സിക്ക് കേരളത്തിന്റെ മത്സ്യസമ്പത്ത് അപ്പാടെ തീറെഴുതി കൊടുക്കാന്‍ കരാറുണ്ടാക്കുന്നു തുടങ്ങിയവയാണ് സര്‍ക്കാരിന്റെ പോരാട്ടമെന്നും ചെന്നിത്തല പറഞ്ഞു.