കൊവിഡിനെ പ്രതിരോധിക്കാന്‍ ഗായത്രി മന്ത്രത്തിനാകുമോ; ഗവേഷണം നടത്താൻ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്

single-img
19 March 2021

കൊവിഡിന്റെ വൈറസ് വ്യാപനം പ്രതിരോധിക്കാന്‍ ഗായത്രി മന്ത്രത്തിനും പ്രാണായാമത്തിനും സാധിക്കുമോയെന്ന് അറിയാനായി ഗവേഷണം നടത്താൻ ഒരുങ്ങുകയാണ് ഋഷികേശിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്.

നിലവിൽ ഇന്ത്യയിൽ കൊവിഡ് ബാധിച്ച രോഗികള്‍ക്ക് നല്‍കുന്ന സാധാരണ ചികിത്സയ്ക്ക് പുറമേയുള്ള ഈ മാര്‍ഗങ്ങള്‍ക്കുള്ള പ്രതിഫലനമാണ് പരിശോധനാ വിഷയമാക്കുന്നത്. ആദ്യ ഘട്ടത്തിൽ 20 കൊവിഡ് രോഗികളെ രണ്ട് ഗ്രൂപ്പുകളാക്കി തിരിച്ചാണ് ഗവേഷണം നടത്തുക.

ഇതിൽ ബി ഗ്രൂപ്പിലുള്ള പത്ത് കൊവിഡ് രോഗികള്‍ക്ക് സാധാരണ ചികിത്സയും ഗ്രൂപ്പ് എയിലുള്ള രോഗികള്‍ക്ക് ചികിത്സയും ഗായത്രി മന്ത്രോച്ചാരണവും രാവിലെയും വൈകുന്നേരവും ഒരു മണിക്കൂര്‍ വീതമുള്ള യോഗാപരിശീലനവുമാണ് ഗവേഷണ മാര്‍ഗമായി സ്വീകരിച്ചിരിക്കുന്നത്.

തുടർച്ചയായുള്ള പതിനാല് ദിവസത്തെ നിരീക്ഷണ കാലത്ത് ആശുപത്രി രോഗികളെ സൂക്ഷ്മമായി നിരീക്ഷിക്കും. ഈ കാലയളവിൽ ശരീരത്തിലെ അണുബാധയിലെ വ്യത്യാസവും പരിശോധിക്കും. രണ്ടാഴ്ച കാലത്തെ നിരീക്ഷണത്തിന് ശേഷം ഈ പരിശോധനകള്‍ വീണ്ടും നടത്തും. കേന്ദ്ര സര്‍ക്കാരിന്‍റെ കീഴിലുള്ള ശാസ്ത്ര സാങ്കേതിക വിഭാഗത്തിന്‍റെ പിന്തുണയോടെയാണ് ഗവേഷണം നടത്തുന്നത്.