സ്ഥാനാര്‍ത്ഥി പട്ടിക; ബംഗാള്‍ ബി ജെ പിയില്‍ തമ്മിലടി

single-img
19 March 2021

നിയമസഭാ തെരഞ്ഞെടുപ്പിനായി പശ്ചിമ ബംഗാളില്‍ ബി ജെ പി പുറത്തിറക്കിയ പുതിയ സ്ഥാനാര്‍ത്ഥി പട്ടികയ്‌ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ കലാപം. ബിജെപിയുടെ വളര്‍ച്ചയ്ക്കായി അധ്വാനിച്ചവരെ പരിഗണിക്കാതെ പുറത്തുനിന്നുള്ളവര്‍ക്ക് സീറ്റ് നല്‍കിയതാണ് പ്രവര്‍ത്തകര്‍ തന്നെ പാര്‍ട്ടിയുടെ എതിരായി തിരിയാന്‍ കാരണം.

ബംഗാളിലെ മാല്‍ഡ, നോര്‍ത്ത് 24 പാര്‍ഗനാസ്, ജല്‍പായ്ഗുരി, അസന്‍സോള്‍ എന്നീ സ്ഥലങ്ങളില്‍ ബി ജെ പി ഓഫീസ് പ്രവര്‍ത്തകര്‍ തന്നെ തല്ലിത്തകര്‍ത്തു. പ്രവര്‍ത്തകര്‍ പല സ്ഥലങ്ങളിലും ബി ജെ പി ഓഫീസിന് മുന്നില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ച് സ്ഥാനാര്‍ത്ഥിയായ സമിക് ഭട്ടാചാര്യയ്‌ക്കെതിരെ മുദ്രാവാക്യം മുഴക്കുകയുമുണ്ടായി.

ബംഗാളിലെ പ്രധാന ബിജെപി നേതാവായ ദിലീപ് ഘോഷിന്റെ പോസ്റ്ററുകളും കൊടികളും പ്രവര്‍ത്തകര്‍ നശിപ്പിക്കുകയുണ്ടായി. അടുത്തിടെ മാത്രം തൃണമൂല്‍ വിട്ട് വന്ന ജിതേന്ദ്ര തിവാരിയ്ക്ക് സീറ്റ് നല്‍കിയതാണ് പണ്ടബേശ്വര്‍ നിയമസഭാ മണ്ഡലത്തില്‍ പ്രവര്‍ത്തകരെ ബിജെപിക്കെതിരായി തിരിയാന്‍ പ്രേരിപ്പിച്ചത്. തെരഞ്ഞെടുപ്പില്‍ നിന്നും ജിതേന്ദ്രയെ മാറ്റണമെന്നും അല്ലെങ്കില്‍ ബിജെപിയ്‌ക്കെതിരെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്നും പ്രവര്‍ത്തകര്‍ പറയുന്നു.