വോട്ടര്‍ പട്ടികയിലെ പേര് ഇരട്ടിപ്പ്; കൂടുതല്‍ ജില്ലകളില്‍ പരിശോധന നടത്താന്‍ ഉത്തരവിട്ട് ടിക്കാറാം മീണ

single-img
18 March 2021

സംസ്ഥാനത്തെ വോട്ടര്‍ പട്ടികയിലെ പേര് ഇരട്ടിപ്പില്‍ കൂടുതല്‍ ജില്ലകളില്‍ പരിശോധന നടത്താന്‍ ഉത്തരവിട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. കണ്ണൂര്‍, വയനാട്, പാലക്കാട്, മലപ്പുറം, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് മാര്‍ച്ച് 20 നകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ടിക്കാറാം മീണ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

നേരത്തെ തന്നെ കാസര്‍ഗോഡ്, കോഴിക്കോട്, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ പരിശോധന നടത്തുന്നതിന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശിച്ചിരുന്നു. അതേസമയം, കൂടുതല്‍ മണ്ഡലങ്ങളിലെ വോട്ടര്‍ പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച വിവരങ്ങള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്ന് കൈമാറി. 9 ജില്ലകളിലെ 10 നിയമസഭാ മണ്ഡലങ്ങളിലെ വിവരങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയത്.

സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളിലെ ആവര്‍ത്തന വോട്ട് സംബന്ധിച്ച വിവരങ്ങള്‍ അദ്ദേഹം ഇന്നലെ കൈമാറിയിരുന്നു. നേതാവിന്റെ വെളിപ്പെടുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണം നടത്തുന്നത്.