അസുര നിഗ്രഹത്തിനായി തിരുവനന്തപുരത്ത് മാളികപ്പുറമിറങ്ങി; ശോഭയുടെ സ്ഥാനാര്‍ത്ഥ്വിത്വത്തില്‍ സുരേഷ് ഗോപി

single-img
18 March 2021

നിയമസഭാ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് ബി ജെ പി സ്ഥാനാര്‍ത്ഥിയായി ശോഭാ സുരേന്ദ്രന്‍ മത്സരിക്കുന്നതില്‍ പ്രതികരണവുമായി സുരേഷ് ഗോപി. അസുര നിഗ്രഹത്തിനായി തിരുവനന്തപുരത്ത് മാളികപ്പുറമിറങ്ങിയെന്നായിരുന്നു ശോഭയുടെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ചുള്ള ചോദ്യത്തിന് സുരേഷ് ഗോപി നൽകിയ മറുപടി.സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളും വിശ്വാസികളുടെ കൈയിലെത്തുമെന്നും അതൊന്നും വൃത്തികെട്ട രാഷ്ട്രീയക്കാരുടെ കൈകളിലല്ല ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയുടെ കാര്യത്തിൽ കേന്ദ്രസർക്കാർ പാര്‍ലമെന്റില്‍ നിയമനിര്‍മ്മാണം നടത്തുമെന്നും അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം കേന്ദ്രനേതാക്കള്‍ തുടങ്ങികഴിഞ്ഞതായും സുരേഷ് ഗോപി അറിയിച്ചു. ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി തൃശൂരില്‍ എത്തിയപ്പോഴായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം.

ഹെലികോപ്റ്ററിലെത്തിയ സുരേഷ് ഗോപി പുഴയ്ക്കലില്‍ നിന്ന് ബൈക്ക് റാലിയുടെ അകമ്പടിയോടെയാണ് കളക്ടറേറ്റിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ഇത്തവണ തൃശൂരില്‍ ശക്തമായ മത്സരസാധ്യതയുണ്ടെന്ന് ആവര്‍ത്തിച്ച സുരേഷ് ഗോപി തൃശ്ശൂരിലെ വോട്ടര്‍മാര്‍ തനിക്ക് വിജയം തരുമെന്നും പറഞ്ഞു.