വിശ്വാസികളോട് പിണറായി വിജയന്‍ ചെയ്തത് കൊടുംചതിയെന്ന് രാഹുല്‍ ഈശ്വര്‍

single-img
18 March 2021

സംസ്ഥാനത്ത് ഇടത്പക്ഷവും പിണറായി വിജയനും അധികാരത്തില്‍ വരണമെന്നാണ് തീവ്രവലതുപക്ഷക്കാര്‍ ആഗ്രഹിക്കുന്നതെന്ന്് രാഹുല്‍ ഈശ്വര്‍. പിണറായി ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ കേരളത്തില്‍ കോണ്‍ഗ്രസ് ഇല്ലാതാകുമെന്നും പിന്നെ സിപിഎമ്മും ബിജെപിയും തമ്മിലാകും പോരാട്ടമെന്നുമാണ് അവര്‍ കണക്കുകൂട്ടുന്നത്. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന അജണ്ട തന്നെയാണ് ഇവിടെയും നിലനില്‍ക്കുന്നതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

ഒരിക്കല്‍ കൂടി പിണറായി വിജയന്‍ അധികാരത്തില്‍ വന്നാല്‍ കോണ്‍ഗ്രസ് തകരുമെന്നും പിന്നെ അധികാരം പിടിക്കാമെന്നുമാണ് കണക്കുകൂട്ടല്‍. സമൂഹമാധ്യമങ്ങളില്‍ചര്‍ച്ചകള്‍ സജീവാണ്.
ശബരിമല വിശ്വാസികളെ വഞ്ചിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. പിണറായി തോല്‍ക്കണം എന്ന് തന്നെയാണ് വിശ്വാസികള്‍ കരുതുന്നത്. അവരുടെ ആ ആഗ്രഹത്തെ വഞ്ചിച്ച് വോട്ട് മറിച്ച് ജയിപ്പിക്കാനാണ് നീക്കമെങ്കില്‍ അതിനെ വിശ്വാസവഞ്ചന എന്നാണ് വിളിക്കേണ്ടത്. ചതിക്കുന്നതിന് തുല്യമാണ്. വിദ്വേഷം മാത്രമാണ് സര്‍ക്കാരിനോട് അയ്യപ്പ വിശ്വാസികള്‍ക്കുള്ളത്.

കടകംപള്ളി സുരേന്ദ്രന്‍ പ്രചാരണത്തിന് ഇറങ്ങിയപ്പോഴാണ് യഥാര്‍ഥ സംഭവം മനസിലായത്. ഇതോടെ ശബരിമല നിലപാടില്‍ അദ്ദേഹം മാപ്പു പറഞ്ഞു. സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചു എന്നാണ് അദ്ദേഹത്തിന്റെ ഏറ്റുപറച്ചില്‍. പക്ഷേ പിന്നെ യച്ചൂരി തന്നെ ആ നിലപാട് തള്ളി. കൃത്യമായ ഒരു നിലപാട് മുഖ്യമന്ത്രിയും ഇതുവരെ പറഞ്ഞിട്ടില്ല. ആര്‍. ബാലശങ്കര്‍ പറഞ്ഞത് സത്യമാണെങ്കില്‍ അതില്‍ നിന്നും പിന്‍മാറണം. ആ ഡീല്‍ വേണ്ട. അത് വഞ്ചനയാണ്. വിശ്വാസികളെ മാനിക്കണം. എനിക്ക് പറയാന്‍ ഉള്ളത് രാഷ്ട്രീയമല്ല. ഇവിടുത്തെ വിശ്വാസികളുടെ വികാരമാണ്. വിശ്വാസികളായ ജനങ്ങള്‍ ഇവരുടെ തന്ത്രത്തില്‍ വീഴരുത്. ഈ ചതിക്ക് കൂട്ടുനില്‍ക്കരുത്. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് പറഞ്ഞിട്ടുണ്ട്. അത് സ്വീകാര്യമാണ്.’ രാഹുല്‍ ഈശ്വര്‍ പറയുന്നത് ഇങ്ങനെയാണ്.