ആറ് മാസമായി വാളയാറിലെ അമ്മ സമരം നടത്തുമ്പോൾ ബാലമുരളിയെ കണ്ടിട്ടില്ല: സി ആർ നീലകണ്ഠൻ

single-img
18 March 2021

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മത്സരിക്കുന്ന ധ‍‍ര്‍മ്മടത്ത് നിന്നും മത്സരിക്കാനുള്ള വാളയാർ പെണ്‍കുട്ടികളുടെ അമ്മയുടെ തീരുമാനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയ സമര സമിതി ജോയിന്‍റ് കണ്‍വീനര്‍ ബാലമുരളിയെ തള്ളി വാളയാർ സമരസമിതി രക്ഷാധികാരി സി ആർ നീലകണ്ഠൻ.

ബാലമുരളി എന്നാണ് ജോയിന്റ് കൺവീനറായതെന്ന് തനിക്ക് അറിയില്ലെന്നും കഴിഞ്ഞ ആറ് മാസമായി വാളയാറിലെ അമ്മ സമരം നടത്തുമ്പോൾ ബാലമുരളിയെ കണ്ടിട്ടില്ലെന്നും നീലകണ്ഠൻ പറയുന്നു. ബാലമുരളി എന്ന വ്യക്തി സമരസമിതിയുടെ ആരുമല്ല. സിപിഎമ്മിനെ രക്ഷിക്കാനുള്ള ചാര പണിയാണിത്. പെൺകുട്ടികളുടെ മാതാവ് നാമനിർദേശ പത്രിക കൊടുത്തതിന് തൊട്ടുപിന്നാലെയുള്ള പ്രസ്താവനക്ക് പിന്നിൽ സിപിഎം അജണ്ടയാണെന്നും സമരസമിതി ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമല്ലെന്നും സി ആർ നീലകണ്ഠൻ പറയുന്നു.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് വാളയാര്‍ പെൺകുട്ടികളുടെ അമ്മ പിന്മാറണമെന്നും പിന്മാറിയില്ലെങ്കിൽ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്നും സമര സമിതി ജോയിന്‍റ് കണ്‍വീനര്‍ ബാലമുരളി ഇന്ന് ഒരു ചാനലിൽ പ്രതികരിച്ചിരുന്നു.ഇതിന് മറുപടി പറയുകയായിരുന്നു സി ആർ നീലകണ്ഠൻ