ഫിറോസ് കുന്നംപറമ്പിൽ കോണ്‍ഗ്രസ് വേഷം കെട്ടിച്ച സങ്കരയിനം സ്ഥാനാര്‍ത്ഥി; പരിഹാസവുമായി കെടി ജലീല്‍

single-img
18 March 2021

നിയമസഭാ തെരഞ്ഞെടുപ്പിൽ തവനൂരില്‍ തനിക്കെതിരെ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പിലിനെതിരെ രൂക്ഷമായ പരിഹാസവുമായി മന്ത്രി കെടി ജലീല്‍. കോണ്‍ഗ്രസ് വേഷം കെട്ടിച്ച സങ്കരയിനം സ്ഥാനാര്‍ത്ഥിയാണ് തനിക്കെതിരെ മത്സരിക്കുന്നതെന്ന് കെടി ജലീല്‍ പറഞ്ഞു.

അദ്ദേഹം മുമ്പ് ഒരു യൂത്ത് ലീഗ്കാരനായിരുന്നെന്നും ഒരു സങ്കരയിനം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി തന്നെ തോല്‍പ്പിക്കാന്‍ പറ്റുമോയെന്ന അവസാന ശ്രമമാണ് യുഡിഎഫ് ഇപ്പോൾ നടത്തുന്നതെന്നും ഫിറോസ് കുന്നംപറമ്പിലിന്റെ പേരെടുത്ത് പറയാതെ കെടി ജലീല്‍ പറഞ്ഞു.

‘ അദ്ദേഹത്തിന് ആരാധകർ ഉള്ളപോലെ തന്നെ എതിരാളികളുമുണ്ട്. ഞാൻ അതിനെ പറ്റി ഒന്നും പറയുന്നില്ല. യുഡിഎഫിന്റെ ഒരു സ്ഥാനാര്‍ത്ഥി, മുസ്‌ലിം ലീഗുകാരനായ കോണ്‍ഗ്രസിന്റെ കുപ്പായമിടീച്ച ഒരു സ്ഥാനാര്‍ത്ഥി. യുഡിഎഫ് ഇപ്രാവശ്യം ഒരു സങ്കര വര്‍ഗത്തെ കളത്തിലിറക്കി എന്നെ തോല്‍പ്പിക്കാന്‍ പറ്റുമോ എന്നാണ് നോക്കുന്നത്. 2006 ല്‍ തുടങ്ങിയതാണ് എന്നെ തോല്‍പ്പിക്കാനുള്ള അവരുടെ പടയോട്ടം. ഇപ്പോൾ അത് പുതിയ ഘട്ടത്തിലേക്ക് എത്തിയെന്ന് മാത്രം. ഈ നാട്ടിലെ ജനങ്ങള്‍ അതൊക്കെ മനസ്സിലാക്കുന്നവരാണ്,’ കെടി ജലീല്‍ പറഞ്ഞു.

ഇതോടൊപ്പം തന്നെ വൃക്കരോഗികള്‍ക്കുള്ള ധനസമാഹരണത്തെ താന്‍ എതിര്‍ത്തു എന്ന പികെ ഫിറോസിന്റെ ആരോപണത്തിനും കെടി ജലീല്‍ മറുപടി നല്‍കി. അത്തരത്തിൽ നടന്നത് തെറ്റായ പ്രചരണമാണെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ആകെ പറഞ്ഞത് പിരിവ് നടത്തുമ്പോള്‍ വ്യക്തതയും കണക്കും വേണം എന്നു മാത്രമാണെന്നും കെടി ജലീല്‍ പറഞ്ഞു.