ലൈസൻസ് നേടിയതിൽ ക്രമക്കേട് ; കാഡ്ബറി ഇന്ത്യയ്ക്കെതിരെ കുറ്റപത്രവുമായി സിബിഐ

single-img
18 March 2021

കാഡ്ബറിയുടെ ഇന്ത്യയിലെ കമ്പനിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് കേന്ദ്ര കുറ്റാന്വേഷണ ഏജൻസിയായ സിബിഐ. ഹരിയാനയിലും ഹിമാചലിലും പ്രവർത്തിക്കുന്ന കാഡ്‌ബറി ഇന്ത്യ ലിമിറ്റഡിൻെറ ഓഫീസുകളിലും പരിസരത്തും ഇന്ന് സിബിഐ റെയ്ഡ് നടത്തി.

2009-10 കാലഘട്ടത്തിൽ ഹിമാചൽ പ്രദേശിലെ ഫാക്ടറിക്ക് ലൈസൻസ് നേടിയതുമായി സംബന്ധിച്ച് ക്രമക്കേട് നടത്തിയതുമായി ബന്ധപ്പെട്ടാണ് കേസ്. 2009 മുതൽ 11 വരെയുള്ള കാലയളവിൽ കാഡ്‌ബറി കേന്ദ്ര എക്‌സൈസ് ഉദ്യോഗസ്ഥരുമായി ഗൂഡാലോചന നടത്തിയതായും പല വിധത്തിലുള്ള ഇളവുകൾ നേടിയതായും സിബിഐ കണ്ടെത്തി.

വിപണിയിൽ വളരെ പ്രചാരത്തിലുള്ള ഫൈവ് സ്റ്റാർ, ജെംസ് ചോക്ലേറ്റ് നിർമ്മിക്കുന്ന ഹിമാചൽ പ്രദേശിലെ പുതിയ യൂണിറ്റിനായി 241 കോടി രൂപയുടെ ആനുകൂല്യങ്ങൾ എക്സൈസിൽ നിന്ന് നേടിയതായും സിബിഐ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് കേന്ദ്ര എക്സൈസ് വകുപ്പ് ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള എക്സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും കാഡ്ബറി ഇന്ത്യ ഉദ്യോഗസ്ഥര്‍ക്കെതിരെയുമാണ് സിബിഐ ഇപ്പോൾ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

കാഡ്ബറിയുടെ ഉടമകളായ മോണ്ടെലെസ് ഫുഡ്സ് കമ്പനിക്കെതിരെയാണ് ആരോപണങ്ങൾ. ഇന്ത്യയിലെ നികുതി ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി കാഡ്ബറി ഇന്ത്യ തങ്ങളുടെ ഉൽ‌പാദന യൂണിറ്റുകൾ വിപുലീകരിച്ചതായി സിബിഐ കണ്ടെത്തി. 2005 മുതൽ പ്രവർത്തിച്ചിരുന്ന ഈ യൂണിറ്റിൽ ബോൺവിറ്റ നിർമ്മിക്കുന്നത് മാത്രമാണ് അനുവദിച്ചിരുന്നത്. അതേസമയം തന്നെ മറ്റേതെങ്കിലും വാണിജ്യ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നത് നിരോധിക്കുകയും ചെയ്തിരുന്നതാണ്.

ഇന്ത്യയിലെ നിയമ പ്രകാരം നിലവിലുള്ള യൂണിറ്റ് വിപുലീകരിക്കുന്നതിനുപകരം കാഡ്‌ബറി ഇന്ത്യ പുതിയ നിർമ്മാണ യൂണിറ്റുകൾ തുറക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. പക്ഷെ അവർ നിലവിലുള്ള പ്ലാൻറ് വിുലീകരിക്കുകയാണ് ചെയ്തത്.