ഒരേ ആളെ നാലും അഞ്ചും തവണ വോട്ടർ പട്ടികയിൽ പേരു ചേർത്തു; വോട്ടർ പട്ടികയിൽ വ്യാപകമായി കള്ളവോട്ടർമാരെ ചേർത്തെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

single-img
17 March 2021

വോട്ടർ പട്ടികയിൽ വ്യാപകമായി കള്ള വോട്ടർമാരെ ചേർത്തെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 8 നിയമസഭാ മണ്ഡലങ്ങളിലെ കണക്കുകൾ തെളിവുകൾ സഹിതം അദ്ദേഹം പുറത്തുവിട്ടു. വോട്ടർ പട്ടികയിൽ ഒരേ മണ്ഡലത്തിൽ തന്നെ ഒരേ വ്യക്തിയെ നാലും അഞ്ചും തവണ പേരു ചേർത്തതായും ഒരേ വ്യക്തിക്ക് ഒരേ മണ്ഡലത്തിൽ തന്നെ പല വോട്ടർ തിരിച്ചറിയൽ കാർഡുകൾ നൽകിയതായുമുള്ള ഗുരുതര ആരോപണവും രമേശ് ഉന്നയിച്ചു. 

ദുമ മണ്ഡലത്തിൽ കുമാരി എന്ന 61 വയസ്സുകാരിയുടെ പേര് അഞ്ചിടത്ത് ഒരേ ഫോട്ടോയും പേരും വിലാസവുമായി പട്ടികയിലുണ്ട്. ഇവർക്ക് 5 വോട്ടർ കാർഡുകളും വിതരണം ചെയ്തതായി കാണുന്നു. ഇതേ രീതിയിൽ കഴക്കൂട്ടം മണ്ഡലത്തിൽ 4506, കൊല്ലം മണ്ഡലത്തിൽ 2534, തൃക്കരിപ്പൂർ 1436, കൊയിലാണ്ടിയിൽ 4611, നാദാപുരത്ത് 6171, കൂത്തുപറമ്പിൽ  3525, അമ്പലപ്പുഴയിൽ 4750 എന്നിങ്ങനെയാണ് ഇതേവരെ കണ്ടെത്തിയ കള്ള വോട്ടർമാരുടെ എണ്ണം. വ്യാപകമായി കള്ളവോട്ടർമാരെ ചേർത്തുവെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നതായി രമേശ് ചെന്നിത്തല പറഞ്ഞു. 

മരിച്ചു പോയവരുടെയും സ്ഥലത്തില്ലാത്തവരുടെയും പേരുകൾ ചേർത്താണ് നേരത്തെ കള്ളവോട്ട് നടത്തിയിരുന്നതെന്നും എന്നാൽ, ഒരേ ആളിന്റെ പേരു തന്നെ പല തവണ ചേർത്തിരിക്കുകയാണെന്നും രമേശ് ചൂണ്ടിക്കാട്ടി.  ഒരേ വിലാസവും ഒരേ ഫോട്ടോയും ഉപയോഗിച്ചാണ് മിക്കയിടത്തും ഇതു ചെയ്തിരിക്കുന്നത്. ചിലയിടത്ത് ഫോട്ടോയിലും വിലാസത്തിലും നേരിയ വ്യത്യാസങ്ങളുണ്ട്. ഇരട്ടിപ്പു വന്ന ഈ പേരുകളെല്ലാം ഉടനടി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മിഷനു കത്തു നൽകി. മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണയെ നേരിട്ടു കണ്ടാണ് കത്തു നൽകിയത്.   

ഇങ്ങനെ കള്ളവോട്ടു ചേർത്തതിൽ സംസ്ഥാനതലത്തിൽ വൻ ഗൂഢാലോചനയുണ്ട്. ഇതേക്കുറിച്ചു സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി നിയമനടപടിക്കു വിധേയരാക്കണം. ഗൂഢാലോചന നടത്തിയവരെയും അതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥരെയും പിടികൂടണമെന്നും രമേശ് ആവശ്യപ്പെട്ടു.