എൻഡിഎ വിട്ട് പി.സി. തോമസ്; ഇനി പി.ജെ. ജോസഫിനൊപ്പം യുഡിഎഫിൽ

single-img
17 March 2021

എൻ ഡി എ ഘടകകക്ഷിയായിരുന്ന കേരള കോൺഗ്രസ് പി.സി.തോമസ് വിഭാഗം യുഡിഎഫിലേക്ക്. പി.ജെ. ജോസഫ് വിഭാഗവും പി.സി. തോമസിന്റെ കേരള കോണ്‍ഗ്രസും തമ്മിലുള്ള ലയനപ്രഖ്യാപനം ഇന്നുണ്ടായേക്കും. ഇരുപക്ഷത്തേയും നേതാക്കൾ തമ്മിൽ ഇതിനകം പല ഘട്ടങ്ങളായി രഹസ്യ ചർച്ച നടത്തിയിരുന്നു. ലയനം നടക്കുകയാണെങ്കിൽ പി.ജെ.ജോസഫ് പാർട്ടി ചെയർമാനാകും. പി.സി. തോമസാകും പാർട്ടിയുടെ ഡെപ്യൂട്ടി ചെയർമാൻ.

ചിഹ്ന പ്രതിസന്ധിക്ക് പരിഹാരം തേടിയാണ് ജോസഫിന്‍റെ ലയനം. നിലവില്‍ പിസി തോമസിന്റെ കേരള കോണ്‍ഗ്രസിന്‍റെ ചിഹ്നം കസേരയാണ്. ലയനത്തിനുശേഷം സൈക്കിള്‍ ചിഹ്നത്തിലേക്ക് മാറും. എന്‍‍ഡിഎ വിട്ട പി.സി. തോമസ് ഇന്ന് യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വഷനില്‍ പങ്കെടുക്കും.

വർഷങ്ങളായി നേരിട്ട അവഗണനയുടെ പശ്ചാത്തലത്തിലാണു പി.സി.തോമസ് വിഭാഗത്തിനു മുന്നണി വിട്ടു കേരള കോൺഗ്രസ് ജോസഫ് പക്ഷത്തിനൊപ്പം ചേരുന്നതു പരിഗണിക്കുന്നത്. സീറ്റു ലഭിക്കാത്തതും മുന്നണി വിടുന്നതിന് ആക്കംകൂട്ടി. എൻഡിഎയുടെ കേരളത്തിലെ ആദ്യ എംപിയാണു പി.സി.തോമസ്. എന്നാൽ അവഗണന നേരിട്ടു മുന്നണിയിൽ തുടരില്ലെന്ന് അദ്ദേഹം നേരത്തേ വ്യക്തമാക്കിയിരുന്നു.

പാർലമെന്റ് തിരഞ്ഞെടുപ്പിൽ പി.സി.തോമസ് മത്സരിച്ചെങ്കിലും ബിജെപി വേണ്ടപോലെ പിന്തുണച്ചില്ലെന്ന് ആരോപണമുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിനു സ്വാധീനമുള്ള മേഖലകളിലെ ബിജെപി സ്ഥാനാർഥികളുടെ വിജയത്തിനു പിന്നിൽ തന്റെ പാർട്ടിയാണെന്ന വാദവും തോമസ് ഉയർത്തുന്നു.