വോട്ടെണ്ണൽ ദിനത്തിൽ ആദ്യകുർബാന സ്വീകരണ ചടങ്ങ് നടത്താനൊരുങ്ങി കത്തോലിക്കാ ഇടവകകള്‍; പ്രതിഷേധവുമായി വിശ്വാസികള്‍

single-img
17 March 2021

കോട്ടയം: പാലാ രൂപതയിലെ ഉള്‍പ്പെടെയുള്ള ചില ദേവാലയങ്ങളിൽ വോട്ടെണ്ണൽ ദിനമായ മെയ് രണ്ട് ഞായറാഴ്ച ആദ്യ കുർബാന നടത്തുന്നതിൽ വിശ്വാസികള്‍ക്കിടയില്‍ പ്രതിഷേധം ശക്തം. ഇതേ ദിവസം തന്നെയാണ് സംസ്ഥാനത്ത് ഇത്തവണ വോട്ടെണ്ണൽ.

ഞായറാഴ്‌ചകളിൽ പള്ളികളിൽ പൊതുവേ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുക പതിവില്ലാത്തതാണ്. വിവാഹം പോലുള്ള ചടങ്ങുകൾ പോലും അത്ര അടിയന്തരഘട്ടങ്ങളിൽ മാത്രമെ ഞായറാഴ്‌ചകളിൽ അനുവദിക്കൂ. എന്നാൽ ഇത്തവണ രൂപതയിലെ ഉള്‍പ്പെടെയുള്ള ചില പള്ളികളിൽ മെയ് രണ്ടിന് ആദ്യകുർബാന സ്വീകരണം നടത്താൻ തീരുമാനിക്കുകയായിരുന്നു.

മെയ് ഒന്ന് ശനിയാഴ്ച പൊതു അവധി ആയിരിന്നിട്ടു കൂടി രണ്ടിന് ചടങ്ങു നടത്തുന്നതിലെ ശരികേട് വിശ്വസികൾ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിനിടെ ഇക്കാര്യം ബോധ്യപ്പെട്ട ചില വികാരിമാർ ഉടനടി ഇടപെട്ട് ചടങ്ങ് ഒന്നിലേക്ക് മാറ്റി. എന്നാൽ ചിലരാകട്ടെ വാശിയാൽ രണ്ടിന് തന്നെ നടത്തണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ്.

ഇതേ ദിവസമാണ്  തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനം വരുന്നത്.  മെയ് രണ്ടിന് ഫലപ്രഖ്യാപനമെന്നത് രാജ്യം ഒന്നടങ്കം ഉറ്റുനോക്കുന്നതാണ്. ഇതോടെ പല വിശ്വാസികളും ഇക്കാര്യം ഇടവക വികാരിമാരെ അറിയിച്ചെങ്കിലും ചിലയിടങ്ങളില്‍ നിരാശയായിരുന്നു ഫലം.

തെരഞ്ഞെടുപ്പോ ഫല പ്രഖ്യാപനമോ ഒരു വിധത്തിലും തങ്ങളെ ബാധിക്കുന്നതല്ല എന്ന രീതിയിലാണ് ചില വൈദികരുടെ പ്രതികരണമെന്നാണ് വിശ്വാസികള്‍ പറയുന്നത് . തങ്ങളുടെ കുട്ടികളുടെ വിശ്വാസപരമായ ചടങ്ങ് ഒരു നല്ല അന്തരീക്ഷത്തിൽ നടത്താൻ ആഗ്രഹിക്കുന്ന മാതാപിതാക്കളെ നിരാശപ്പെടുത്തുന്നതാണ് ഈ തീരുമാനം.

സമൂഹത്തോടൊ രാഷ്ട്രത്തോടൊ ഒരു പ്രതിബദ്ധതയുമില്ലാതെയുള്ള പെരുമാറ്റം വൈദികരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്ന ആവശ്യമാണ് വിശ്വാസികൾ ഉയര്‍ത്തുന്നത്. ശനിയാഴ്ച പൊതു അവധി ദിനമായിട്ടു കൂടിയാണ് അന്ന് ചടങ്ങ് നടത്താതെ വോട്ടെണ്ണല്‍ ദിനത്തില്‍ തന്നെ നടത്തിയേ മതിയാകൂ എന്ന നിലയില്‍ ചില വൈദികരുടെ നിഷേധാത്മക നിലപാട്.

ആദ്യകുർബാന സ്വീകരണം ശനിയാഴ്ച നടത്തിയാൽ അതിനു മറ്റു പല പ്രയോജനവും വിശ്വാസികൾക്ക് ഉണ്ട്. പൊതു അവധി ദിനമായതിനാൽ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യം  ഉറപ്പുവരുത്താനും കഴിയും. ഇതോടൊപ്പം പിറ്റേന്ന് ഞായറാഴ്ച പളളിയിൽ എത്തി കുട്ടികൾക്ക് കുർബാനയടക്കമുള്ള ചടങ്ങുകളിലും പങ്കാളിയാകാം.

എന്നാല്‍ വോട്ടെണ്ണല്‍ ദിനത്തില്‍ തെരെഞ്ഞെടുപ്പ് ഫലം തല്‍സമയം അറിയാന്‍ ജനങള്‍  ആകാംഷയോടെ കാത്തിരിക്കുമ്പോള്‍ ചടങ്ങ് നടത്താനും അതിലേയ്ക്ക് ക്ഷണിക്കപ്പെടുന്നവര്‍ക്ക് ചടങ്ങുകളില്‍ പങ്കെടുക്കാനും പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടാകും.

മാത്രമല്ല ചടങ്ങില്‍ കുടുംബസമേതം പങ്കെടുക്കാന്‍ യാത്ര ചെയ്യുന്നവര്‍ക്ക് അതേ ദിവസം വിജയാഹ്ളാദ പ്രകടനങ്ങളും എതിര്‍ പ്രകടനങ്ങളും ഒക്കെ നടക്കുന്ന അന്തരീക്ഷത്തില്‍ യാത്രക്കും ബുദ്ധിമുട്ട് ഉണ്ടാകും. 

ഇക്കാര്യങ്ങള്‍ സഭാ നേതൃത്വം ഗൌരവമായി പരിഗണിക്കണമെന്നാണ് വിശ്വാസികളുടെ ആവശ്യം.