വിവരാവകാശ രേഖകളിലെ വൈരുധ്യം; സ്പീക്കറുടെ അഞ്ച് വര്‍ഷത്തെ വിദേശയാത്ര വിവരങ്ങള്‍ തേടി ഇഡി

single-img
16 March 2021

ഡോളര്‍ കടത്തുകേസുമായി ബന്ധപ്പെട്ട് നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ്റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വിദേശയാത്രകള്‍ സംബന്ധിച്ച വിവരങ്ങൾ തേടി ഇ ഡി. സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍ക്കാക്ക് സ്പീക്കറുടെ യാത്രാവിവരങ്ങള്‍ ആവശ്യപ്പെട്ട് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കത്തു നൽകിയതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. സ്പീക്കറുടെ വിദേശയാത്രകള്‍ സംബന്ധിച്ച വിവരാവകാശ രേഖകളിലുള്ള വൈരുധ്യത്തിനു പിന്നാലെയാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്.

സ്പീക്കറുടെ ഓഫീസും യുഎഇ കോൺസൽ ജനറലിൻ്റെ ഇന്ത്യൻ ഓഫീസും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ്റെ യാത്രകള്‍ സംബന്ധിച്ച് വ്യത്യസ്ത വിവരങ്ങള്‍ നല്‍കിയെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. സ്പീക്കര്‍11 തവണ വിദേശയാത്രകള്‍ നടത്തിയെന്നാണ് സ്പീക്കറുടെ ഓഫീസ് മറുപടി നല്‍കിയതെങ്കിൽ യുഎഇ മാത്രം 21 തവണ സന്ദര്‍ശിച്ചിട്ടുണ്ടെന്നാണ് കോൺസൽ ജനറലിൻ്റെ ഓഫീസ് വ്യക്തമാക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വിദേശയാത്രകള്‍ സംബന്ധിച്ച വിവരങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

അഞ്ചു വര്‍ഷത്തിനിടെ ഏതൊക്കെ രാജ്യങ്ങളാണ് പി ശ്രീരാമകൃഷ്ണൻ സന്ദര്‍ശിച്ചതെന്നും വിദേശയാത്രാ ഇനത്തിൽ സ്പീക്കര്‍ സര്‍ക്കാരിൽ നിന്ന് യാത്രാബത്തയായി എത്ര രൂപ കൈപ്പറ്റിയിട്ടുണ്ടെന്നും അറിയിക്കണമെന്നാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിൽ ഔദ്യോഗിക ആവശ്യത്തിനുള്ള യാത്രകള്‍ എത്രയുണ്ടായിരുന്നു എന്നും പരിശോധിക്കുന്നുണ്ട്.

മുൻപ് സ്പീക്കറെ ചോദ്യം ചെയ്യാനായി ഇഡി നോട്ടീസ് നല്‍കിയിരുന്നെങ്കിലും തെരഞ്ഞെടുപ്പ് തിരക്കുകള്‍ക്ക് ശേഷം ഹാജരാകാമെന്നാണ് സ്പീക്കര്‍ നല്‍കിയ മറുപടി. എന്നാൽ അന്വേഷണവുമായി ഉദ്യോഗസ്ഥര്‍ മുന്നോട്ടു പോകുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പനെയും ചില പ്രവാസി വ്യവസായികളെയും കേസ് അന്വേഷണത്തിൻ്റെ ഭാഗമായി ചോദ്യം ചെയ്തിരുന്നു.