സൗദിയില്‍ വിദേശ തൊഴിലാളികളുടെ ‘ഡിജിറ്റൽ ഇഖാമ’ സേവനം പ്രാബല്യത്തില്‍ വന്നു

single-img
15 March 2021

ഇതാദ്യമായി സൗദി അറേബ്യയില്‍ വിദേശ രാജ്യങ്ങളിലെ തൊഴിലാളികളുടെ ‘ഡിജിറ്റൽ ഇഖാമ’ സേവനം പ്രാബല്യത്തില്‍ വന്നു. ഇന്നലെ മുതല്‍ വിദേശി തൊഴിലാളികളുടെ ഇഖാമ (റെസിഡസ് പെര്‍മിറ്റ്) ഡിജിറ്റല്‍ രൂപത്തില്‍ ലഭ്യമാക്കി തുടങ്ങിയെന്ന് രാജ്യത്തെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഇനിമുതൽ സൗദിയുടെ അകത്തും പുറത്തുമുള്ള വിദേശികള്‍ക്ക് സുഗമമായി മന്ത്രാലയ സേവനം ലഭ്യമാകുന്നതിന് ഈ സംവിധാനം പ്രയോജനപ്പെടുമെന്ന് ജനറല്‍ ജവാസാത് ഡയറക്ടറേറ്റ് അറിയിപ്പിൽ പറയുന്നു. പുതിയ രീതിയിൽ ഡിജിറ്റല്‍ ഇഖാമയില്‍ പ്രിന്റ് ചെയ്തിരിക്കുന്ന ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ വിദേശി തൊഴിലാളികളെ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ലഭ്യമാകും.

അതേസമയം, അബ്ഷിര്‍ വഴി ഡൗണ്‍ലോഡ് ചെയ്താല്‍ ഇൻറര്‍നെറ്റില്ലാതെയും ഈ ഇഖാമ ഉപയോഗിക്കാൻ സാധിക്കും. പരിശോധനാ സമയം ഇഖാമയുടെ ഒറിജിനല്‍ കോപ്പി കൈവശമില്ലെങ്കില്‍ പോലും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഇനി മുതല്‍ ഡിജിറ്റല്‍ ഇഖാമ കാണിച്ചാല്‍ മതിയാകും എന്നതാണ് ഇതിന്റെ പ്രധാന പ്രയോജനം.

നിങ്ങളുടെ കൈവശമുള്ള ആന്‍ഡ്രോയ്ഡ്/ആപ്പിള്‍ ഫോണുകളില്‍ അബ്ഷിര്‍ ഇന്‍ഡിവ്ജ്വല്‍സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്‍ത് ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം ലോഗിന്‍ ചെയ്യുക. പിന്നാലെ മൈ സര്‍വീസ് സെലക്ട് ചെയ്തതിന് ശേഷം ഡിജിറ്റല്‍ ഇഖാമ ഡൗണ്‍ലോഡ് ചെയ്യാം. അതിന് ശേഷം പേജിന്റെ താഴെ ഡൗണ്‍ലോഡ് ചെയ്ത റെസിഡന്റ് ഐ.ഡിയില്‍ ക്ലിക്ക് ചെയ്ത് ഡിജിറ്റല്‍ ഇഖാമ ഉപയോഗിക്കാം.