“നീ പ്രധാനമന്ത്രി ആയാലും IAS രാജിവെച്ചത് ഞാന്‍ മരണം വരെ പൊറുക്കില്ല മോനെ.!!” സിവില്‍ സര്‍വ്വീസ് ഉപേക്ഷിച്ച്‌ രാഷ്ട്രീയത്തിലിറങ്ങിയതിനെക്കുറിച്ച് ഒറ്റപ്പാലം കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി സരിന്‍

single-img
15 March 2021

ഒറ്റപ്പാലത്ത് നിന്നും ജനവിധി തേടുന്ന കോണ്‍ഗ്രസ് സ്ഥാനാർത്ഥി ഡോ: പി സരിന്‍. സിവില്‍ സര്‍വ്വീസ് ഉപേക്ഷിച്ച് രാഷ്ട്രീയത്തിലിറങ്ങിയപ്പോൾ നേരിട്ട എതിർപ്പുകളെക്കുറിച്ച് തുറന്ന് പറയുകയാണ് തെന്റെ ഫേസ്ബുക് പോസ്റ്റിലൂടെ.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം;

‘സരിന്‍, നല്ലൊരു ജോലിയാണ് നീ നഷ്ടപ്പെടുത്തിയത്. സിവില്‍ സര്‍വീസോക്കെ വലിച്ചെറിയാന്‍ മാത്രം മണ്ടനാവരുത് നീ.!!’
‘സിവില്‍ സര്‍വീസിലിരുന്ന് നേടാവുന്ന സ്വസ്ഥജീവിതവും സൗഭാഗ്യങ്ങളും സംബാധ്യവും ഉപേക്ഷിക്കുകയാണെന്ന നിന്റെ തീരുമാനത്തെ ഒരു തരത്തിലും അംഗീകരിക്കാനാവില്ല.!!’
‘ഇനി നീ പ്രധാനമന്ത്രി ആയാലും IAS പദവി രാജിവെച്ചത് ഞാന്‍ മരണം വരെ പൊറുക്കില്ല മോനെ.!!’
ഞാന്‍ ജോലി ഉപേക്ഷിച്ച്‌ പൊതുപ്രവര്‍ത്തനത്തിനിറങ്ങിയപ്പോള്‍ എന്റെ അമ്മയും സുഹൃത്തുക്കളും കുടുംബവും എന്നോട് പറഞ്ഞതാണീ വാക്കുകള്‍.’
ഒന്നും നേടിയെടുക്കാനോ മറ്റെന്തെങ്കിലുമായി മാറിത്തീരുവാനോ അല്ല രാഷ്ട്രീയം തെരെഞ്ഞെടുത്തത്.

രാഷ്ട്രത്തെ സംബന്ധിച്ച ആകുലതകളുള്ള ഏതൊരു പൗരനും രാഷ്ട്രീയക്കാരനാണ് എന്ന് വിശ്വസിക്കുന്ന ജനാധിപത്യ വിശ്വാസിയാണ് നിങ്ങളെപ്പോലെ ഞാനും.
ഇന്നിന്റെ രാജ്യനീതിയില്‍, രാഷ്ട്രീയം എന്നെയാണ് തെരഞ്ഞെടുത്തത് എന്നതാണ് സത്യം.
രാഷ്ട്രീയത്തെപ്പറ്റിയുള്ള പൊതുബോധം കുറേയൊക്കെയെങ്കിലും രാഷ്ട്രനിര്‍മ്മിതിയില്‍ യുവജനതയെ പങ്കാളിയാക്കാതെ പിന്തിരിഞ്ഞ് നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്നതാണ് ഭയപ്പെടുത്തുന്ന സത്യം.
ഈ പൊതുബോധം മാറ്റിയെടുത്ത് നാളെയുടെ പ്രതീക്ഷകളായ യുവജനതയെ മുന്നോട്ട് കൊണ്ടുവന്ന് ഭാരതത്തെ ജാതി മത സമവാക്യങ്ങള്‍ക്കപ്പുറത്തേക്ക് പുനര്‍നിര്‍മിക്കുക എന്നത് ഒരു പൗരന്‍ എന്ന നിലയില്‍ എന്റെ കടമ തന്നെയല്ലേ?
നമ്മളോരോരുത്തരുടെയും കടമയല്ലേ?
അങ്ങിനെയിരിക്കെ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശം എങ്ങിനെ ഒരു ‘ഇറക്കമായി’ നിര്‍വചിക്കാന്‍ സമൂഹത്തിനാവുന്നു?
‘കയറ്റമാണ്’ രാഷ്ട്രീയ ബോധം. ഓരോ യുവതയുടെയും മനസ്സിന്റെ ബൗദ്ധികമായ കടമയുടെ ഉണര്‍വിന്റെ കയറ്റം.
ഈ ഒരു ലക്ഷ്യത്തിലേക്ക് കൈപിടിച്ച്‌ കയറ്റുവാന്‍ ഇവിടെ ഒറ്റപ്പാലത്തിന്റെ മണ്ണില്‍ കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിന്റെ സ്ഥാനാര്‍ത്ഥിയായി ഐക്യജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്താന്‍ ഞാന്‍ കൂടെയുണ്ടാവും.
നിങ്ങളോടൊപ്പം മുന്നോട്ട് തന്നെ ഒരുമിച്ച്‌ പിന്നിട്ട പാതകളിലെ ഊര്‍ജ്ജമുള്‍ക്കൊണ്ട് നമുക്ക് രാഷ്ട്ര നിര്‍മ്മിതിയില്‍ നല്ല പങ്കാളികളാവാം.
കൂടെ നിന്ന് സ്‌നേഹിച്ചവര്‍ക്കും അകമഴിഞ്ഞ പിന്തുണ നല്‍കിയവര്‍ക്കും സ്‌നേഹാലിംഗനങ്ങള്‍