രണ്ടിലയും പാർട്ടി പേരും ജോസ് കെ മാണിയ്ക്ക് ; ജോസഫ് വിഭാഗം സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി തള്ളി

single-img
15 March 2021

രണ്ടില ചിഹ്നം ജോസ് കെ.മാണി വിഭാഗത്തിന് അനുവദിച്ച നടപടി ചോദ്യം ചെയ്ത് ജോസഫ് വിഭാഗം സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി തള്ളി. ഹൈക്കോടതി വിധിയില്‍ ഇടപെടാനില്ലെന്ന് സുപ്രിംകോടതി. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത് .തെരഞ്ഞടുപ്പ് കമ്മീഷന്‍ രേഖകള്‍ പരിശോധിച്ചില്ലെന്ന ജോസഫ് വിഭാഗത്തിന്റെ വാദം സുപ്രിംകോടതി പരിഗണിച്ചില്ല.

നാമനിർദേശ പത്രികാ സമർപ്പണത്തിന് തൊട്ടു മുൻപ് നിയമപോരാട്ടത്തിലെ വിജയമാണ് ജോസ് കെ.മാണിയെ തേടിയെത്തിയത്. കേരള കോൺഗ്രസ് പാർട്ടിയ്ക്കും, രണ്ടില ചിഹ്നത്തിനും അവകാശവാദമുന്നയിച്ച് പി.ജെ ജോസഫ് നൽകിയ ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ സമർപ്പിച്ച അപ്പീലാണ് ഇന്ന് സുപ്രീം കോടതിയും തള്ളിയത്. ഇതോടെ പാർട്ടിയും ചിഹ്നവും പൂർണമായും ജോസ് കെ.മാണിയ്ക്ക് സ്വന്തമായി. ജോസഫിന്‍റെ അപ്പീല്‍ പരിഗണിച്ചു കോടതി സ്റ്റേ അനുവദിച്ചിരുന്നെങ്കില്‍ ജോസ് കെ മാണിക്ക് ഇത്തവണ മത്സരിക്കാന്‍ ചിഹ്നം ഉണ്ടാകുമായിരുന്നില്ല.

നേരത്തെ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രിക സ്വീകരിക്കുന്നതിന്റെ അവസാന ദിവമാണ് പാർട്ടി ചിഹ്നം ജോസ് കെ.മാണിയ്ക്ക് അനുവദിച്ച് ഹൈക്കോടതിയുടെ വിധി എത്തിയത്. ഈ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ ഉജ്വല വിജയമാണ് കേരള കോൺഗ്രസ് പാർട്ടി ഉൾപ്പെടുന്ന ഇടതു മുന്നണി നേടിയത്. ഇതിനു സമാനമായ സാഹചര്യമാണ് ഇപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപും ഉണ്ടായിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ജോസ് കെ.മാണി പാലായിലെ ളാലം ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ നാമനിർദേശ പത്രിക സമർപ്പണം നടത്തുമ്പോഴാണ് വിധി എത്തിയത്. രണ്ടു സംഭവങ്ങളും തികച്ചും യാദൃശ്ചികമാണെങ്കിലും, കേരള കോൺഗ്രസ് പാർട്ടിയെ സംബന്ധിച്ചു ഏറെ നിർണ്ണായകമായ വിധിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. രണ്ടില ചിഹ്നവും പാർട്ടിയും കേരള കോൺഗ്രസ് എം എന്ന പ്രസ്ഥാനത്തിന് നൽകാനുള്ള സുപ്രീം കോടതിവിധിയിൽ അതിയായ സന്തോഷമുണ്ടെന്നും ജോസ് കെ.മാണി പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൃത്യമായി പ്രവര്‍ത്തിച്ചുവെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം ഹൈക്കോടതി നിര്‍വഹിച്ചില്ലെന്നാണ് പി.ജെ.ജോസഫ് വിഭാഗം സുപ്രിംകോടതിയില്‍ വാദിച്ചത്. ജോസഫ് വിഭാഗത്തിന്റെ വാദമുഖങ്ങളെ സുപ്രിംകോടതി തള്ളി.സി.കുര്യാക്കോസ് സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രിംകോടതി ഇന്ന് പരിഗണിച്ചത്. രണ്ടില ചിഹ്നം ജോസ് കെ.മാണി വിഭാഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് ഹൈക്കോടതി ശരിവച്ചിരുന്നു. ഈ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. പിളര്‍പ്പിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ രണ്ടില ചിഹ്നം ഉപയോഗിക്കാന്‍ ജോസ് കെ.മാണി വിഭാഗത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കിയിരുന്നു. ഈ നടപടിക്കെതിരെ ജോസഫ് വിഭാഗം ഹൈക്കോടതി സിംഗിള്‍ ബെഞ്ചിലും പിന്നീട് ഡിവിഷന്‍ ബെഞ്ചിലും നല്‍കിയ ഹര്‍ജികള്‍ നേരത്തെ കോടതി തള്ളിയിരുന്നു.