ഗുരു ചേമഞ്ചേരി കഥകളിക്ക് ജീവിതം സമര്‍പ്പിച്ച കലാകാരനെന്ന് മുഖ്യമന്ത്രി

single-img
15 March 2021

കഥകളിരംഗത്ത് പ്രതിഭകൊണ്ടും പ്രതിബദ്ധതകൊണ്ടും വിസ്മയം തീര്‍ത്ത കലാകാരനായിരുന്നു ഗുരു ചേമഞ്ചേരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഥകളിയിലെ അതുല്യ ഗുരുവായ ചേമഞ്ചേരിയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി അഗാധമായ ദുഃഖം രേഖപ്പെടുത്തി.കഥകളി ആചാര്യന്‍ എന്ന നിലയില്‍ മാത്രമല്ല, മഹാനായ മനുഷ്യസ്നേഹി എന്ന നിലയിലും കേരളം ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ സംഭാവനകള്‍ എന്നും സ്മരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഇന്ന് രാവിലെ കൊയിലാണ്ടിയിലെ വസതിയില്‍ വച്ചാണ് ഗുരു ചേമഞ്ചേരി അന്തരിച്ചത് .

കഥകളിയ്ക്കായി ജീവിതം സമര്‍പ്പിച്ച കലാകാരനായിരുന്നു ഗുരു.1945-ല്‍ തലശ്ശേരിയില്‍ സ്ഥാപിച്ച നാട്യവിദ്യാലയം ഉത്തര കേരളത്തിലെ ആദ്യ നൃത്തവിദ്യാലയമായിരുന്നു. നിരവധി കലാസ്ഥാപനങ്ങള്‍ അദ്ദേഹം പടുത്തുയര്‍ത്തി. മോഹിനിയാട്ടം, ഭരതനാട്യം തുടങ്ങിയ ശാസ്ത്രീയ നൃത്തങ്ങളിലും തലയെടുപ്പുളള ഗുരുവാണ് ചേമഞ്ചേരി. നൂറു വയസ്സ് പിന്നിട്ടശേഷവും അരങ്ങില്‍ ഉറച്ച ചുവടുകള്‍ വെച്ച അദ്ദേഹത്തെ വിസ്മയത്തോടെയാണ് കേരളം കണ്ടത്. കലാകേരളത്തിന് തീരാത്ത വേദനയാണ് ഗുരുവിന്റെ വിയോഗം സമ്മാനിച്ചത്. ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ എന്നല്ലാതെ കഥകളിയ്ക്ക് മറ്റൊരു അവസാന വാക്കില്ല…