ഇനി ഒരു അപ്പക്കഷ്ണത്തിനായി കാത്തിരിക്കാനില്ല; ഏറ്റുമാനൂരിൽ സ്വതന്ത്രയായി മൽസരിക്കാൻ ഇന്ദിരാഭവനു മുന്നിൽ തല മുണ്ഡനം ചെയ്ത പ്രതിഷേധിച്ച മഹിള കോൺഗ്രസ് അധ്യക്ഷ ലതിക സുഭാഷ്

single-img
15 March 2021

ഇന്ദിരാഭവനു മുന്നിൽവച്ചു തല മുണ്ഡനം ചെയ്തുള്ള മഹിള കോൺഗ്രസ് അധ്യക്ഷ ലതിക സുഭാഷിന്റെ പ്രതിഷേധത്തെ അനുകൂലിച്ചും എതിര്‍ത്തും കോണ്‍ഗ്രസ് നേതാക്കള്‍. സീറ്റ് നിഷേധിക്കാനുണ്ടായ കാര്യങ്ങള്‍  ലതിക സുഭാഷിനെ ബോധ്യപ്പെടുത്താതിരുന്ന നേതൃത്വത്തെയാണ് പലരും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. അതേസമയം ഇനി ഒരു അപ്പക്കഷ്ണത്തിനായി കാത്തിരിക്കാനില്ലെന്നും ഒപ്പം നിൽക്കുന്നവരുമായി ചർച്ച നടത്തിയതിനുശേഷം നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തിൽ ലതിക സുഭാഷ് സ്വതന്ത്രയായി മറ്റുസാരിക്കാനുള്ള പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്.

അതേസമയം, വനിതകളില്‍ മല്‍സരിപ്പിക്കേണ്ടത് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചവരെയെന്ന് ലതിക സുഭാഷ് പറഞ്ഞു. പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാത്തവരെ കൊണ്ടുവന്നതുകൊണ്ട് കാര്യമില്ലെന്നും അവർ കൂട്ടിച്ചേർത്തു. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ തന്റെ ഫോണ്‍ പോലും എടുത്തില്ലെന്നും ലതിക ആരോപിച്ചു. സ്ത്രീയെന്ന് പറഞ്ഞാൽ അടിച്ചമർത്തപ്പെടാൻ ഉള്ളതാണോയെന്നും ലതിക രാവിലെ നടത്തിയ പത്രസമ്മേളനത്തിൽ ചോദിച്ചു.

അതേസമയം, ലതിക സുഭാഷിനെ അനുനയിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അർഹതയുള്ളവരിൽ ഒരാളെ മാത്രമേ മൽസരിപ്പിക്കാൻ സാധിക്കുകയുള്ളൂ. സ്ഥാനാർഥിത്വം കിട്ടാത്തവർക്ക് പാർട്ടിയിൽ അവസരങ്ങളുണ്ടാകും. കോൺഗ്രസിലെ ദിശാമാറ്റത്തിന്റെ സൂചികയാണ് യുവത്വം പ്രസരിക്കുന്ന പട്ടികയെന്നും ചെന്നിത്തല പറഞ്ഞു. ലതിക സുഭാഷിന്റെ നടപടിയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

ഏറ്റുമാനൂരിന് പകരം മറ്റൊരു സീറ്റ് നല്‍കാന്‍ തയാറായിരുന്നു. ഏറ്റുമാനൂര്‍തന്നെ വേണമെന്നു പറഞ്ഞത് ലതികയാണ്. ഏറ്റുമാനൂര്‍ സീറ്റ് വിട്ടുകിട്ടാന്‍ അഖിലേന്ത്യ നേതൃത്വം ശ്രമിച്ചെന്നും എഐസിസി വിശദീകരിച്ചു. സ്ഥാനാർഥിത്വം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം  രാജിവച്ച് ലതിക തലമുണ്ഡനം ചെയ്തിരുന്നു. ഈ നടപടിയിലാണ് എഐസിസിക്ക് അമര്‍ഷം. കെപിസിസി ആസ്ഥാനത്തിന്റെ പടിക്കല്‍ വച്ചാണ് തലമുണ്ഡനം ചെയ്തത്. താൻ ഏറ്റുമാനൂര്‍ സീറ്റ് ആഗ്രഹിച്ചിരുന്നു. 14 വയസ്സുമുതല്‍ പാര്‍ട്ടിക്കായി പ്രവര്‍ത്തിച്ച തന്നെ തഴഞ്ഞെന്നും ലതിക പറഞ്ഞു. 

ഇനി ഒരു അപ്പക്കഷ്ണത്തിനായി കാത്തിരിക്കാനില്ലെന്നും മറ്റൊരു പാര്‍ട്ടിയിലേക്ക് പോകില്ലെന്നും ലതിക വ്യക്തമാക്കി. യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍ നേരിട്ട് എത്തിയെങ്കിലും കൂടുതല്‍ സംസാരിക്കാന്‍ തയാറായിരുന്നില്ല.