ഇന്നലെ ഉച്ചവരെ സിപിഎം വൈകിട്ട് എൻഡിഎ സ്ഥാനാർഥി; സിപിഎം നേതൃത്വത്തെ ഞെട്ടിച്ച് മുൻ ഏരിയ സെക്രട്ടറി

single-img
15 March 2021

സിപിഎം നേതൃത്വത്തെ ഞെട്ടിച്ചു മാവേലിക്കര നിയമസഭാമണ്ഡലത്തില്‍ എന്‍.ഡി.എ.ക്ക് അപ്രതീക്ഷിത സ്ഥാനാര്‍ഥി. ചാരുംമൂട്ടിലെ സി.പി.എം. നേതാവായ കെ. സഞ്ജുവാണ് എന്‍.ഡി.എ. സ്ഥാനാര്‍ഥിയായത്. ജില്ലയില്‍ സി.പി.എം.വിട്ട് എന്‍.ഡി.എ. സ്ഥാനാര്‍ഥിയാകുന്ന രണ്ടാമത്തെയാളാണ് സഞ്ജു.

ചേര്‍ത്തലയിലെ ബ‍ിഡിജെഎസിന്റെ സ്ഥാനാർഥിപ്പട്ടികയിൽ ചേർത്തലയിലെ എൻഡിഎ സ്വതന്ത്രനായി സിപിഎം ലോക്കൽ കമ്മിറ്റി അംഗവും തണ്ണീർമുക്കം പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.എസ്. ജ്യോതിസ് ഉൾപ്പെട്ടിരുന്നു.

സി.പി.എം. ചുനക്കര ലോക്കല്‍ കമ്മിറ്റിയംഗമായിരുന്ന സഞ്ജു സി.പി.എമ്മില്‍നിന്ന് രാജിവെച്ചിട്ടാണ് ബി.ജെ.പി.യില്‍ ചേര്‍ന്നത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ചുനക്കര ഗ്രാമപ്പഞ്ചായത്തിലെ ചുനക്കര നടുവില്‍ കിഴക്ക് നാലാംവാര്‍ഡില്‍ സി.പി.എം. സ്ഥാനാര്‍ഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു.

ആറുവര്‍ഷത്തോളം ഡി.വൈ.എഫ്.ഐ. ചാരുംമൂട് ഏരിയ സെക്രട്ടറിയായും മൂന്നുവര്‍ഷത്തോളം ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റിയംഗമായും പ്രവര്‍ത്തിച്ചിരുന്നു. പത്തുവര്‍ഷമായി സി.പി.എം. ചുനക്കര ലോക്കല്‍ കമ്മിറ്റിയംഗമായിരുന്നു.

ഇന്നലെ ഉച്ചവരെ സിപിഎം നേതാക്കൾക്കൊപ്പമുണ്ടായിരുന്ന സഞ്ജു പാർട്ടി വിടുന്ന കാര്യം അടുത്ത സുഹൃത്തുക്കൾക്കു പോലും അറിയില്ലായിരുന്നു. സഞ്ജുവിനെ സിപിഎം അംഗത്വത്തിൽനിന്ന് പുറത്താക്കിയതായി സിപിഎം ചാരുംമൂട് ഏരിയ സെക്രട്ടറി ബി. ബിനു അറിയിച്ചു.