അംബാനിയുടെ വസതിക്കുമുന്നിൽ സ്ഫോടക വസ്തുക്കൾ; ആദ്യ അന്വേഷണോദ്യോഗസ്ഥൻ സച്ചിൻ വാസേ എൻഐഎ റിമാൻഡിൽ

single-img
15 March 2021

അംബാനിയുടെ വസതിക്കുമുന്നിൽ സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ മുംബൈ പോലീസിലെ അസിസ്റ്റന്റ് ഇൻസ്പെക്ടർ സച്ചിൻ വാസേയെ കോടതി മാർച്ച് 25 വരെ ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ.)യുടെ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. 12 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം ശനിയാഴ്ച അർധരാത്രിയാണ് വാസേയെ അറസ്റ്റുചെയ്തത്.

റിലയൻസ് ഇൻഡ്‌സ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ വസതിക്കു മുന്നിൽ സ്‌ഫോടക വസ്തുക്കൾ വെച്ച സംഭവത്തിൽ പങ്കുണ്ടെന്ന് കണ്ടതിനെത്തുടർന്നാണ് വാസേയെ അറസ്റ്റുചെയ്തതെന്ന് എൻ.ഐ.എ. വക്താവ് ഞായറാഴ്ച പത്രക്കുറിപ്പിൽ അറിയിച്ചു. സ്ഫോടകവസ്തു നിയമത്തിലെ വകുപ്പുകളും ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളും ചുമത്തിയാണ് അറസ്റ്റ്.

വൈദ്യ പരിശോധനയ്ക്കുശേഷം ഞായറാഴ്ച ഉച്ചയോടെയാണ് വാസേയെ സൗത്ത് മുംബൈയിലെ കോടതിയിൽ ഹാജരാക്കിയത്. അന്വേഷണത്തിന്റെ ഭാഗമായി ചോദ്യംചെയ്യാൻ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന എൻ.ഐ.എ.യുടെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.

സ്ഫോടകവസ്തുക്കളുമായി വാഹനം കണ്ടെത്തിയ കേസിന്റെ ആദ്യത്തെ അന്വേഷണോദ്യോഗസ്ഥനായിരുന്ന വാസേയെ അതേക്കുറിച്ചുള്ള വിവരങ്ങൾ ആരായാനാണ് ശനിയാഴ്ച എൻ.ഐ.എ. ഓഫീസിൽ വിളിച്ചുവരുത്തിയത്. മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിൽ വാസേ കുറ്റസമ്മതം നടത്തിയെന്നാണ് സൂചന. രാഷ്ട്രീയനേതാക്കൾക്ക് പങ്കുള്ള വൻ പദ്ധതിയുടെ ഭാഗമായാണ് സ്‌ഫോടക വസ്തുക്കൾ വെച്ചതെന്നും അതിന്റെ ചെറിയൊരുഭാഗം മാത്രമാണ് താനെന്നും വാസേ പറഞ്ഞതായി റിപ്പോർട്ടുണ്ട്.

എന്നാൽ, അന്വേഷണ ഏജൻസി വാസേയെ കള്ളക്കേസിൽ കുടുക്കുകയായിരുന്നെന്നും അറസ്റ്റിനെക്കുറിച്ച് വീട്ടുകാരെ അറിയിക്കാൻപോലും തയ്യാറായില്ലെന്നും സഹോദരൻ സുധർമ വാസേ പറഞ്ഞു.

സ്ഫോടകവസ്തുക്കളുമായി കണ്ടെത്തിയ വാഹനത്തിന്റെ ഉടമ മൻസുഖ് ഹിരേൻ കൊല്ലപ്പെട്ടതോടെയാണ് കേസന്വേഷണം എൻ.ഐ.എ.ക്കു വിട്ടതും വാസേ സംശയത്തിന്റെ നിഴലിലായതും. ഹിരേനിനെ പോലീസുകാർ കൊന്നതാണെന്നു കരുതുന്നതായും അസിസ്റ്റന്റ് പോലീസ് ഇൻസ്പെക്ടർ സച്ചിൻ വാസേയെ ആണ് സംശയമെന്നും ഭാര്യ വിമല ഹിരേൻ മൊഴിനൽകിയിരുന്നു.

ഹിരേൻ കൊല്ലപ്പെട്ട കേസിലും വാഹനം മോഷ്ടിക്കപ്പെട്ട കേസിലും വാസേയ്ക്കെതിരേ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (എ.ടി.എസ്.) അന്വേഷണം നടത്തുന്നുണ്ട്. അറസ്റ്റ് ഭയന്ന വാസേ മുൻകൂർ ജാമ്യം തേടി താനെ സെഷൻസ് കോടതിയിൽ ഹർജി നൽകിയിരുന്നെങ്കിലും ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ കോടതി തയ്യാറായില്ല.

വാസേയുടെ അറസ്റ്റ്‌ തുടക്കം മാത്രമാണെന്നും അതിലും വലുത് വരാനിരിക്കുന്നേയുള്ളൂവെന്നും പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നവിസ് പറഞ്ഞു. എൻ.ഐ.എ.യും എ.ടി.എസും നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണെന്നും സത്യം വെളിച്ചത്തുവരുന്നതിനനുസരിച്ച് തുടർ നടപടിയെടുക്കുമെന്നും ആഭ്യന്തര മന്ത്രി അനിൽ ദേശ്‌മുഖ് പ്രതികരിച്ചു.