തലമുണ്ഡനം ചെയ്തത് എന്തിനാണെന്ന് അവരോട് തന്നെ ചോദിക്കണം; ലതിക സുഭാഷ് വിഷയത്തില്‍ മുല്ലപ്പള്ളി

single-img
14 March 2021

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റുമാനൂര്‍ സീറ്റ് ലതികാ സുഭാഷ് നല്‍കാന്‍ സാധിക്കാതിരുന്നത് അത് ഘടകകക്ഷിക്ക് നല്‍കേണ്ടി വന്നത്‌കൊണ്ട് മാത്രമാണെന്ന് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. എന്തിനാണ് ലതികാ സുഭാഷ് തലമുണ്ഡനം ചെയ്യുന്നത് എന്ന് അറിയില്ലെന്നും കാരണം അവര്‍ തന്നെ പറയണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഏറ്റുമാനൂര്‍ മണ്ഡലം മത്സരിക്കാന്‍ നല്‍കാന്‍ സാധിക്കാതിരുന്നത് അത് മുന്നണിയിലെ ഘടകക്ഷിക്ക് നല്‍കേണ്ടി വന്നതുകൊണ്ടാണ്. അത് അവര്‍ക്കും ബോധ്യപ്പെട്ട കാര്യമാണ്. അല്ലാതെ ഏതെങ്കിലും തരത്തില്‍ അവഗണിച്ചതല്ല. ബാക്കിയുള്ള സീറ്റുകളിലൊന്നിലേക്ക് അവരെ നിര്‍ത്തുന്ന കാര്യം ഒറ്റയ്ക്ക് തീരുമാനിക്കേണ്ട കാര്യമല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഇതിനോടകം ലതികാ സുഭാഷുമായി പലഘട്ടങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു. തുടര്‍ന്നും ചര്‍ച്ച നടത്തും. കേവലമൊരു സ്ഥാനാര്‍ത്ഥിത്വം കിട്ടാത്തതിനാല്‍ ആരെങ്കിലും തലമുണ്ഡനം ചെയ്യുമോ? വേറെന്തെങ്കിലും കാരണം കൊണ്ട് തലമുണ്ഡനം ചെയ്തതായിരിക്കും എന്നാണു മുല്ലപ്പള്ളി പറഞ്ഞത്.

അതേസമയം,മഹിളാ കോണ്‍ഗ്രസ് ആകെ സ്ഥാനാര്‍ത്ഥികളില്‍ 20 ശതമാനം സ്ത്രീകള്‍ക്ക് നീക്കിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും പാര്‍ട്ടിക്ക് വേണ്ടി പണിയെടുക്കുന്ന സ്ത്രീകളെ അവഗണിച്ചുവെന്നാണ് ലതികാ സുഭാഷ് മാധ്യമങ്ങളോട് പറഞ്ഞത്.