ഏകദിനത്തിൽ 7000 റൺസ്; നേട്ടം സ്വന്തമാക്കിയ ആദ്യ വനിതാ ക്രിക്കറ്റ്‌ താരമായി മിതാലി രാജ്

single-img
14 March 2021

ഇന്ത്യയുടെ ക്യാപ്റ്റന്‍ മിതാലി രാജ് വനിതാ ഏകദിന ക്രിക്കറ്റില്‍ മറ്റൊരു പൊൻതൂവൽ കൂടി സ്വന്തം പേരിൽ എഴുതിചേർത്തു. ലോകവനിത ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തില്‍ 7000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ വനിത ക്രിക്കറ്റർ ആയി മാറിയിരിക്കുകയാണ് ഇന്ത്യയുടെ ഈ താരം .

ദക്ഷിണാഫ്രിക്കൻ വനിതകൾക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന നാലാം വനിത ഏകദിന മത്സരത്തിലാണ് മിതാലി ഈ ചരിത്ര നേട്ടം കൈവരിച്ചത്. ദക്ഷിണാഫ്രിക്കയുടെ വനിത ടീമുമായുള്ള മത്സരം തുടങ്ങും വേളയിൽ മിതാലി തന്റെ കരിയറിൽ 6,974 റൺസ് എന്ന നിലയിൽ നിന്ന മിതാലി 26 റണ്‍സ് കൂടി നേടിയതോടെ സ്വപ്നം നേട്ടം കൈവരിക്കുകയായിരുന്നു.

മിതാലി രാജിന്റെ 213-ാം ഏകദിന മത്സരത്തിലാണ് 7000 റൺസ് ക്ലബിൽ ഒന്നാമതായി ഇടം പിടിച്ചത്. മിതാലി കഴിഞ്ഞാൽ ഇംഗ്ലണ്ടിന്‍റെ ഷാര്‍ലറ്റ് എഡ്വേർഡ്‌സാണ് 5992 റൺസ് നേടി രണ്ടാം സ്ഥാനത്തുള്ളത്. മത്സരത്തിൽ മിതാലി 71 പന്തില്‍ 4 ഫോറുകളോടെ 45 റൺസ് അടിച്ചുകൂട്ടി. ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ 4 വിക്കറ്റ് നഷ്‌ടത്തിൽ 266 റണ്‍സ് നേടി.

ഈ റെക്കോർഡ് മാത്രമല്ല, മിതാലി അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിന്റെ ചരിത്രത്തിൽ 10000 റണ്‍സ് ക്ലബ്ബിൽ സ്ഥാനം പിടിക്കുന്ന ആദ്യ ഇന്ത്യന്‍ വനിത ക്രിക്കറ്റർ കൂടിയാണ്. ഈ കാറ്റഗറിയിൽ മുന്നിലുള്ളത് ഇംഗ്ലണ്ടിന്റെ ഷാര്‍ലറ്റ് എഡ്വേർഡ്‌സാണ്.