കെ ബാബുവിനെ സ്ഥാനാർത്ഥിയാക്കാത്തതിൽ പ്രതിഷേധം; കോണ്‍ഗ്രസില്‍ പ്രാദേശിക നേതാക്കളുടെ കൂട്ടരാജി

single-img
13 March 2021

നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയിൽ കെ ബാബുവിനെ സ്ഥാനാർഥിയാക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസിൽ കൂട്ടരാജി. നിലവില്‍ രണ്ട് ഡിസിസി സെക്രട്ടറിമാരും നിയോജക മണ്ഡലം യുഡിഎഫ് ചെയര്‍മാനും ആറ് മണ്ഡലം പ്രസിഡന്റുമാരും 120 ബൂത്ത് പ്രസിഡന്റുമാരും രാജിക്കത്ത് നൽകി.

മണ്ഡലത്തിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടികയില്‍ കൊച്ചിയുടെ മുന്‍ മേയര്‍ സൗമിനി ജയിനിന്റെ പേര് സ്ക്രീനിംഗ് കമ്മിറ്റി പരിഗണിക്കുന്നെന്ന വാർത്ത വന്നതിനു പിന്നാലെയാണ് കെ ബാബുവിനു വേണ്ടി മണ്ഡലത്തിലെ പ്രാദേശിക നേതാക്കൾ ഉൾപ്പെടെയുള്ളവർ രംഗത്തിറങ്ങിയത്. സൗമിനി ജെയിന് തൃപ്പൂണിത്തുറയുമായി ബന്ധമില്ലെന്നും രാജിവച്ചവര്‍ ആരോപിച്ചു.

കെ ബാബുവിനെ മണ്ഡലത്തില്‍ മത്സരിപ്പിച്ചില്ലെങ്കിൽ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്ന് രാജിവെക്കുമെന്ന് ഡിസിസി ജനറൽ സെക്രട്ടറിമാരായ ആർ വേണുഗോപാൽ, പി കെ സുരേഷ് എന്നിവർ രാവിലെ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ബിജെപിയുടെ വളർച്ചയാണ് തൃപ്പൂണിത്തുറയിൽ കോൺഗ്രസ് ഭയക്കുന്നതെന്നും സ്വരാജിനെ പാർട്ടിക്ക് പേടിയില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു.