പാലക്കാട് ജില്ലയിൽ കോൺഗ്രസിന്റെ അന്ത്യകൂദാശയ്ക്ക് സമയമായി: എവി ഗോപിനാഥ്

single-img
13 March 2021

ഇപ്പോൾ തന്നെ പാലക്കാട് ജില്ലയിൽ കോൺഗ്രസിന്റെ അന്ത്യകൂദാശയ്ക്ക് സമയമായെന്ന്പാർട്ടിയുമായി പിണക്കത്തിൽ ഉള്ള നേതാവ് എവി ഗോപിനാഥ്. ജില്ലയിലെ പല സീറ്റുകളും കച്ചവടം നടത്തിയെന്ന് പ്രവർത്തകർക്കിടയിൽ സംസാരമുണ്ട്. പക്ഷെ പാലക്കാട് ജില്ലയിൽ ജനം യുഡിഎഫിന് വോട്ട് ചെയ്ത് വിജയിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അങ്ങിനെയേ തനിക്ക് പറയാൻ സാധിക്കൂ എന്നും അദ്ദേഹം പറയുന്നു.

ഇതേപോലെ സീറ്റ് വിഭജിച്ച് നൽകുന്നത് ഇത് ആദ്യമായാണ്. കോൺഗ്രസ് പ്രവർത്തകരെ മാനസികമായി വേദനിപ്പിക്കുന്ന നിലപാടാണ്. തിങ്കളാഴ്ച മൂന്ന് മണിക്ക് താൻ തന്റെ നിലപാട് പ്രഖ്യാപിക്കും. ആരെയും കാത്ത് നിൽക്കാതെ മുന്നോട്ട് പോകും.

നിലവിൽ ജില്ലയിൽ ഒരു പാർട്ടി ആവശ്യപ്പെടാതെ തന്നെ സീറ്റ് നൽകി. മുസ്ലിം ലീഗ് ആവശ്യപ്പെടാതിരുന്നിട്ടും കോങ്ങാട് സീറ്റ് മുസ്ലിം ലീഗിന് നൽകി. എന്നാൽ പട്ടാമ്പി ചോദിച്ചിട്ടും കൊടുത്തില്ല. നെന്മാറ കോൺഗ്രസിന്റെ സീറ്റ് സിഎംപിക്ക് കൊടുത്തു. പ്രവർത്തകർക്ക് വലിയ ആശങ്കയുണ്ട്. സീറ്റ് കച്ചവടം നടന്നെന്ന് ആരോപണങ്ങൾ നിലനിൽക്കുന്നു. സംസ്ഥാന നേതൃത്വം ഇടപെട്ട് പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സീറ്റുകളിൽ കച്ചവടം നടക്കുന്നുവെന്ന പ്രവർത്തകരുടെ തോന്നൽ പെട്ടെന്ന് മായ്ച്ച് കളയാൻ പറ്റില്ല.

പ്രവർത്തകർ ഉന്നയിക്കുന്ന താഴേത്തട്ടിലെ ഗുരുതരമായ ആരോപണങ്ങൾ മനസിലാക്കി പ്രവർത്തകരുടെ വികാരം മനസിലാക്കി തെറ്റിദ്ധാരണയുണ്ടെങ്കിൽ മാറ്റാൻ നേതൃത്വം നൽകണമെന്നും ജില്ലയിൽ ബിജെപി ശക്തിയാർജിച്ചതിനാൽ ശക്തമായ ത്രികോണ മത്സരത്തിന് പാലക്കാട് സാധ്യതയുണ്ടെന്നും ഗോപിനാഥ്‌ പറയുന്നു.