കൊല്ലം ഡിസിസി ഓഫീസില്‍ അരങ്ങേറിയത് വൈകാരിക നിമിഷങ്ങള്‍; പ്രവർത്തകർക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ബിന്ദു കൃഷ്ണ

single-img
13 March 2021

സംസ്ഥാന തെരഞ്ഞെടുപ്പിലെ നിയമസഭാ സീറ്റിനെ ചൊല്ലി കൊല്ലം ഡിസിസി ഓഫീസില്‍ അരങ്ങേറിയത് വൈകാരിക നിമിഷങ്ങള്‍. ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്ക്ക് പിന്തുണ അറിയിച്ച് പ്രവർത്തകർ പ്രകടനവുമായി രംഗത്തെത്തി. കൊല്ലത്ത് തീര്‍ച്ചയായും ബിന്ദു കൃഷ്ണയെ സ്ഥാനാർത്ഥിയാക്കണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടു. ഈ സമയം പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ബിന്ദു കൃഷ്ണ പൊട്ടിക്കരഞ്ഞു.

തെരഞ്ഞെടുപ്പില്‍ ബിന്ദു മത്സരിക്കണമെന്നാവശ്യപ്പെട്ട് എത്തിയ മത്സ്യത്തൊഴിലാളി മേഖലയില്‍ നിന്നുള്ള വനിതാ പ്രവര്‍ത്തകര്‍ക്ക് മുന്നിലാണ് ബിന്ദുകൃഷ്ണ പൊട്ടിക്കരഞ്ഞത്. തങ്ങളുടെ കണ്ണീരൊപ്പാനിരുന്ന വ്യക്തിയാണ് ബിന്ദു കൃഷ്ണയെന്നും അവരെ കവിഞ്ഞ് ആര് മത്സരിച്ചാലും തോല്‍പ്പിക്കുമെന്നാണ് പ്രവർത്തകർ പറയുന്നത്. മത്സ്യത്തൊഴിലാളികളുടെ പൂര്‍ണ്ണപിന്തുണ ബിന്ദുവിനുണ്ടെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.

നേരത്തേ, ബിന്ദു കൃഷ്ണയ്ക്ക് ഇക്കുറി സീറ്റ് ലഭിച്ചേക്കില്ലെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ മുഴുവന്‍ മണ്ഡലം പ്രസിഡന്റുമാരും രാജിവെച്ചിരുന്നു. അതേസമയം, തന്നോട് കുണ്ടറ സീറ്റില്‍ മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടതായി ബിന്ദു കൃഷ്ണ പറഞ്ഞു. അവിടെ മത്സരിക്കാന്‍ തനിക്ക് ആഗ്രഹമില്ലെന്നും കൊല്ലം മണ്ഡലം ലഭിച്ചില്ലെങ്കിൽ മത്സരരംഗത്ത് ഉണ്ടാകില്ലെന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കുകയായിരുന്നു.