സിന്ധുമോളെ അനുകൂലിക്കുന്ന സിപിഎം ജില്ലാ സെക്രട്ടറിയുടെ നിലപാടിനെ തള്ളി കീഴ്ഘടകങ്ങള്‍; കോട്ടയത്തെ സിപിഎമ്മില്‍ ഭിന്നത

single-img
12 March 2021

കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ സിന്ധുമോള്‍ ജേക്കബിനെതിരായ അച്ചടക്ക നടപടിയില്‍ കോട്ടയത്തെ സിപിഎമ്മില്‍ ഭിന്നത. സിന്ധുമോളെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ ലോക്കല്‍ കമ്മറ്റിയുടെ നടപടിക്ക് പാലാ ഏരിയാ കമ്മിറ്റി അംഗീകാരം നല്‍കി. അതേസമയം നടപടിയില്ലെന്ന് ജില്ലാ സെക്രട്ടറി വിശദീകരിക്കുമ്പോഴാണ് അച്ചടക്ക നടപടിയുമായി മുന്നോട്ടുപോകാനുള്ള കീഴ്ഘടകങ്ങളുടെ തീരുമാനം.

സിപിഎം ജില്ലാ സെക്രട്ടറിയുടെ സിന്ധുമോൾക്ക് അനുകൂലമായ നിലപാടിനെ കീഴ്ഘടകങ്ങള്‍ തള്ളുകയാണ്. സിപിഎമ്മില്‍ അംഗമായിരിക്കെ മറ്റൊരു പാര്‍ട്ടിയുടെ ചിഹ്നത്തില്‍ മത്സരിക്കുന്നത് പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം തന്നെയെന്നാണ് ഏരിയ കമ്മറ്റിയുടെ വിലയിരുത്തല്‍. ഉഴവൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ പുറത്താക്കല്‍ തീരുമാനം അംഗീകരിച്ച ഏരിയാ കമ്മിറ്റി ജില്ലാ കമ്മിറ്റിക്ക് റിപ്പോര്‍ട്ട് നൽകി. പതിനാല് വര്‍ഷമായി സിപിഎം ഉഴവൂർ നോർത്ത് ബ്രാഞ്ച് അംഗമാണ് സിന്ധുമോള്‍.

മത്സരിക്കാനുള്ള താത്പര്യം പാര്‍ട്ടിയെ അറിയിച്ചിരുന്നുവെങ്കിലും രണ്ടില ചിഹ്നത്തിലാണ് മത്സരമെന്ന കാര്യം ബ്രാഞ്ചില്‍ പോലും അറിയിച്ചില്ല. ഉഴവൂർ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് ഇടതു സ്വതന്ത്രയായിട്ടായിരുന്നു ഇതുവരെ സിന്ധുമോളിന്‍റെ മത്സരം. ഇത്തവണയും ഇടത് സ്വതന്ത്രയാകുമെന്നായിരുന്നു പ്രതീക്ഷ. കേരള കോണ്‍ഗ്രസ് ലിസ്റ്റില്‍ ഇടംപിടിച്ചെങ്കിലും രണ്ടില ചിഹ്നത്തില്‍ തന്നെ മത്സരിക്കുമെന്ന് സിന്ധുമോള്‍ വ്യക്തമാക്കിയതോടെയാണു പാര്‍ട്ടിയുടെ അച്ചടക്ക നടപടി.

സിപിഎം നേതൃത്വം കേരള കോണ്‍ഗ്രസുമായുണ്ടാക്കിയ ധാരണകള്‍ പ്രകാരമാണ് സിന്ധുമോള്‍ പിറവത്ത് സ്ഥാനാര്‍ഥിയായത്. എന്നാല്‍ പാര്‍ട്ടി ഘടകങ്ങളെ അറിയിക്കാതെ ഏകപക്ഷീയമായി തീരുമാനമെടുത്തതാണ് സിപിഎമ്മിന് തിരിച്ചടിയായത്. സിന്ധുമോളിന്‍റെ സ്ഥാനാര്‍ഥിത്വത്തില്‍ പിറവത്തും പ്രതിഷേധം തുടരുകയാണ്.

പ്രതിഷേധങ്ങൾക്കിടെ പിറവത്തെ എൽഡിഎഫ് സ്ഥാനാർഥി സിന്ധുമോൾ ജേക്കബ് മണ്ഡലത്തിൽ പ്രചരണം ആരംഭിച്ചു. കടകൾ കയറിയുള്ള വോട്ട് അഭ്യർത്ഥനയാണ് തുടങ്ങിയത്. സിന്ധുമോൾക്കെതിരെ പ്രതിഷേധിച്ച കേരള കോൺഗ്രസ്സ് പ്രവർത്തകർ അവരുടെ കോലം കത്തിച്ചു. ജോസ് കെ.മാണി അടക്കമുള്ള പാർട്ടി നേതാക്കളുമായി ചർച്ച നടത്തിയ ശേഷമാണ് സിന്ധുമോൾ ജേക്കബ് പിറവത്തു പ്രചരണം തുടങ്ങിയത്.

കടകൾ കയറിയും നഗരത്തിലെ നാട്ടുകാരെ കണ്ടുമെല്ലാമായൊരുന്നു വോട്ടു ചോദിക്കൽ.തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം തള്ളിയ സിന്ധുമോൾ ജേക്കബ് പൂർണ ആത്മവിശ്വാസത്തിലാണ്.