വികസനത്തെ കുറിച്ച് ഓർക്കേണ്ടത് തിരഞ്ഞെടുപ്പ് വരുമ്പോൾ മാത്രമല്ല; കുടുംബ സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്ത് ജോസ് കെ മാണി

single-img
12 March 2021

പാലായിൽ പ്രചാരണ രംഗത്ത് സജീവമായി ഇടത് മുന്നണി.വാഗ്ദാനങ്ങൾ കടലാസിൽ മാത്രമൊതുക്കി ജനങ്ങളെ വഞ്ചിക്കുന്ന സമീപനത്തോട് ഒരിക്കലും യോജിക്കാനാവില്ലെന്ന് ജോസ്. കെ. മാണി പറഞ്ഞു. പാലാ മണ്ഡലത്തിലെ വിവിധ കുടുംബ സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് വരുമ്പോൾ മാത്രമല്ല വികസനത്തെക്കുറിച്ച് ഓർക്കേണ്ടതെന്ന് അദ്ദേഹം യോഗത്തിൽ പറഞ്ഞു.

ജനകീയ വിഷയങ്ങൾ സർക്കാറിൻ്റെ ശ്രദ്ധയിൽ കൊണ്ടു വരികയും അതിന് പരിഹാരം കണ്ടെത്തുകയും ചെയ്യേണ്ടത് ഉത്തരവാദിത്വപ്പെട്ട ജനപ്രതിനിധിയുടെ കടമയാണ്. അത് ചെയ്യാതിരിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. വാഗ്ദാനങ്ങൾ കടലാസിൽ മാത്രമൊതുക്കി ജനങ്ങളെ വഞ്ചിക്കുന്ന സമീപനത്തോട് ഒരിക്കലും യോജിക്കാനാവില്ലെന്നും ജോസ് കെ മാണി പറഞ്ഞു.

സംസ്ഥാന സർക്കാർ പാലായോടു പ്രത്യേക താൽപ്പര്യം കാണിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ മുൻകൈ എടുത്ത് പാലായ്ക്കായി പ്രത്യേകം വികസന പദ്ധതികൾ കൊണ്ടു വന്നു. എന്നാൽ ചിലരുടെ പിടിപ്പുകേടും അവഗണനയും കൊണ്ട് മാത്രമാണ് അതൊന്നും പ്രാബല്യത്തിൽ വരാതിരുന്നത്. ഓരോ പദ്ധതിക്കും വേണ്ട തുടർപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനോ അതിനായി പ്രവർത്തിക്കാനോ ഉത്തരവാദിത്വപ്പെട്ടവർ താൽപര്യം കാട്ടിയിരുന്നില്ലെന്നും ജോസ് കെ മാണി കുറ്റപ്പെടുത്തി.

പാലാ നിയോജക മണ്ഡലത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ ഇരുനൂറിൽപ്പരം കുടുംബ സംഗമങ്ങളിലാണ് ജോസ് കെ മാണി പങ്കെടുത്തത്. മറ്റ് ഇടത് നേതാക്കളും യോഗങ്ങളിൽ സംബന്ധിക്കുന്നുണ്ട്. കൊച്ചു കുട്ടികൾ മുതൽ വനിതകളും വയോജനങ്ങൾ വരെയുള്ളവരും കുടുംബ സമ്മേളനങ്ങളിൽ പങ്കെടുക്കുന്നത് ഇടത് മുന്നണിയുടെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.