2021ല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ സമ്പത്തുണ്ടാക്കിയ വ്യവസായി അദാനി

single-img
12 March 2021

ഈ വര്‍ഷം ലോകത്തില്‍ ഏറ്റവും കൂടുതല്‍ സമ്പത്ത് ഉണ്ടാക്കിയ വ്യവസായി അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥന്‍ ഗൗതം അദാനിയാണെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട്. ആമസോണിന്റെ ഉടമയായ ജെഫ് ബെസോസിനെയും ടെസ്ലയുടെ ഇലോണ്‍ മസ്‌കിനെയും പിന്തള്ളിയാണ് ഈ നേട്ടം സ്വന്തമാക്കിയ വ്യവസായിയായി അദാനി മാറിയത്. ലോകത്തെ മറ്റുള്ള ഏറ്റവും വലിയ ശതകോടീശ്വരന്‍മാരേക്കാള്‍ കൂടുതല്‍ സമ്പത്ത് അദാനി ഈ വര്‍ഷം ഉണ്ടാക്കിയെന്നും റിപ്പോര്‍ട്ട് പറയുന്നു.

പെട്രോളിയത്തിന്റെ റിഫൈനിങ് കമ്പനിയായ ടോട്ടല്‍ എസ്ഇ, യുഎസ് ഇക്വിറ്റി സ്ഥാപനമായ വാര്‍ബര്‍ഗ് പിന്‍കസ് എന്നിങ്ങിനെയുള്ള വിദേശ സ്ഥാപനങ്ങള്‍ വരെ അദാനി ഗ്രൂപ്പില്‍ നിക്ഷേം നടത്തിയിരുന്നു. ഈ വര്‍ഷം മാത്രം 1,620 കോടി ഡോളര്‍ ആണ് ഗൗതം അദാനിയുടെ സമ്പാദ്യം വര്‍ദ്ധിച്ചതെന്നും 5,000 കോടി ഡോളറിലേറെയാണ് മൊത്തം ആസ്തിയെന്നുമാണ് ബ്ലൂംബര്‍ഗ് ശതകോടീശ്വര പട്ടികയില്‍ പറയുന്നത്.

അതേപോലെ തന്നെ വിപണിയില്‍ അദാനി ടോട്ടല്‍ ഗ്യാസ് ഷെയറുകളുടെ മൂല്യം ഇരട്ടിയായി കൂടിയിട്ടുണ്ട്. അദാനി എന്റര്‍പ്രൈസസ് ഓഹരികളുടെ മൂല്യം 90 ശതമാനവും അദാനി ട്രാന്‍സ്മിഷന്‍ ലിമിറ്റഡിന്റേത് 79 ശതമാനവും അദാനി പവര്‍, അദാനി പോര്‍ട്സ്, സ്പെഷ്യല്‍ എക്കണോമിക് സോണ്‍സ് എന്നിവയുടെ ഓഹരിമൂല്യം 50 ശതമാനത്തിലധികവുമാണ് വര്‍ദ്ധിച്ചത്.