പരസ്യപ്രതിഷേധം വ്യാപകം; കുറ്റ്യാടി സീറ്റില്‍ പുനരാലോചനയ്ക്ക് സിപിഎം

single-img
11 March 2021

കുറ്റ്യാടി സീററ്റിൽ പാര്‍ട്ടി സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം. സിപിഎം പ്രവര്‍ത്തകരുടെ അസാധാരണ പ്രതിഷേധത്തിനാണ് കുറ്റ്യാടി സാക്ഷ്യം വഹിച്ചത്.  സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതുമുതൽ മണ്ഡലത്തില്‍ അസാധാരണ പ്രതിഷേധമാണുയരുന്നത്. പരസ്യപ്രതിഷേധം വ്യാപകമാകുന്നതിനിടെ സിപിഎമ്മില്‍ പുനരാലോചനയ്ക്ക് നീക്കം. കുറ്റ്യാടി സീറ്റില്‍ പുനരാലോചനയ്ക്ക് സാധ്യത  തെളിഞ്ഞു.

കേരള കോണ്‍ഗ്രസുമായി സിപിഎം ആശയവിനിമയം നടത്തിയതിനെ തുടർന്ന് കുറ്റ്യാടി ഉള്‍പ്പെടുത്താതെ കേരള കോണ്‍ഗ്രസ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചത്. 

പാർട്ടി പ്രവര്‍ത്തകരുടെ മനോവികാരം പരിഗണിക്കാതെയുള്ള തീരുമാനം നേതൃത്വം പിന്‍വലിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. കുറ്റ്യാടിയില്‍ പാര്‍ട്ടി തീരുമാനത്തിനെതിരെ  പരസ്യപ്രതിഷേധം ഉയര്‍ന്ന സാഹചര്യം വ്യക്തമാക്കാന്‍  സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കി. സിപിഎം പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നത് കേരള കോണ്‍ഗ്രസും നീട്ടിവച്ചു. 

2008 ലെ പുനർനിർണയത്തെത്തുടർന്ന് നിലവിൽവന്ന മണ്ഡലമാണ് കുറ്റ്യാടി. പഴയ മേപ്പയൂർ മണ്ഡലത്തിന്റെ ഭാഗങ്ങൾ ഉൾക്കൊള്ളുന്ന ഇവിടെ 2011 ലെ ആദ്യ തിരഞ്ഞെടുപ്പിൽ കെ.കെ. ലതിക (സിപിഎം) 6,972 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മുസ്‌ലിംലീഗിന്റെ സൂപ്പി നരിക്കാട്ടേരിയെ പരാജയപ്പെടുത്തി. 2016 ൽ ലതികയെ ലീഗിന്റെ പാറയ്ക്കൽ അബ്ദുല്ല 1,157 വോട്ടിനു പരാജയപ്പെടുത്തി. എളുപ്പത്തിൽ തിരിച്ചുപിടിക്കാവുന്ന മണ്ഡലമാണ് ഇതെന്നാണ് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. 

യുഡിഎഫിലായിരിക്കെ കേരള കോൺഗ്രസ് കോഴിക്കോട് ജില്ലയിൽ പേരാമ്പ്ര മണ്ഡലത്തിലാണ് മത്സരിച്ചിരുന്നത്. കഴിഞ്ഞ തവണ ടി.പി. രാമകൃഷ്ണനോട് തോറ്റു. ഇവിടെ ഇത്തവണയും രാമകൃഷ്ണൻ തന്നെയാണ് എൽഡിഎഫ് സ്ഥാനാർഥി. പേരാമ്പ്രയ്ക്കു പകരം കേരള കോൺഗ്രസിന് നൽകിയതാണ് കുറ്റ്യാടി.