ഇന്ത്യന്‍ സമ്പദ്‍ഘടനയുടെ അടിത്തറ പശു: ഗുജറാത്ത് ഗവര്‍ണര്‍

single-img
11 March 2021

പശുവാണ്‌ ഇന്ത്യന്‍ സമ്പദ്‍ഘടനയുടെ അടിത്തറ എന്ന് ഗുജറാത്ത് ഗവര്‍ണര്‍. പോഷക സമ്പുഷ്ടമായ പശുവിന്‍ ചാണകവും ഗോമൂത്രവും രാജ്യത്തെ കര്‍ഷകര്‍ക്ക് വരുമാനം നേടികൊടുക്കുന്നതില്‍ പ്രധാനപങ്ക് വഹിക്കുന്നുണ്ടെന്ന് ഗവര്‍ണര്‍ ആചാര്യ ദേവ് വ്രത് പറയുന്നു. ഗാന്ധിനഗര്‍ കാമധേനു സര്‍വകലാശാലയില്‍ സംസാരിക്കവെയാണ് അദ്ദേഹത്തിൻ്റെ ഈ പരാമര്‍ശങ്ങള്‍.

‘സ്വദേശിയായ പശുവില്‍ നിന്നും ലഭിക്കുന്ന ഒരു ഗ്രാം ചാണകത്തില്‍ മുന്നൂറ് കോടിയിലേറെ അണുക്കളുണ്ടായിരിക്കും. ഇത് മണ്ണിൻ്റെ വളക്കൂറിനെ നല്ല രീതിയില്‍ സഹായിക്കുന്നതാണ്. ഗോമൂത്രവും അതുപോലെ ധാതുസമ്പുഷ്ടമാണ്. കൃഷിയുള്‍പ്പടെയുള്ളവക്ക് സ്വദേശി പശുക്കളാണ് പ്രയോജനപ്രദം.

ജേഴ്‌സി പശുവിന് ഇന്ത്യന്‍ പശുവിനുള്ളത്ര ഗുണങ്ങളില്ല.’ എന്നും ഗവർണർ വ്യക്തമാക്കി. പശുവിന്റെ പ്രധാന്യം മനസ്സിലാക്കുന്നതിന് ഏറ്റവും വലിയ ഉദാഹരണം ഇവിടെ ഗുജറാത്തില്‍ തന്നെയുണ്ടെന്നും അമൂലിനെ സൂചിപ്പിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു. 350 പശുക്കളെ താന്‍ പരിപാലിക്കുന്നുണ്ടെന്ന് പറഞ്ഞ ആചാര്യ ദേവ് വ്രത്,15 മുതല്‍ 24 ലിറ്റര്‍ വരെ പാല്‍ ദിവസവും നല്‍കുന്ന പശുക്കള്‍ കൂട്ടത്തിലുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.