ബംഗാളിലെ സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംനേടി ഐഷി ഘോഷ്

single-img
11 March 2021

പശ്ചിമബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം പിടിച്ച്‌ ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് ഐഷി ഘോഷ്. പശ്ചിമ ബര്‍ധമാന്‍ ജില്ലയിലെ ജമൂരിയ മണ്ഡലത്തില്‍ നിന്നാണ് ഐഷി ജനവിധി തേടുന്നത്.‌

ഇക്കുറി ഒട്ടനവധി യുവ നേതാക്കളെ ഉള്‍പ്പെടുത്തിയാണ് ബംഗാളില്‍ പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഐഷിക്ക് പുറമേ എസ് എഫ് ഐയുടെ സംസ്ഥാന സെക്രട്ടറി ശ്രിജന്‍ ഭട്ടാചാര്യ ഹൂഗ്ലി സിംഗൂരില്‍ നിന്നും മത്സരിക്കുന്നുണ്ട്. ഡിവൈഎഫ്എൈയുടെ സംസ്ഥാന പ്രസിഡന്റ് മീനാക്ഷി മുഖര്‍ജിയാണ് തൃണമൂലിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി മമതാ ബാനര്‍ജിക്കും, ബിജെപി നേതാവ് സുവേന്ദു അധികാരിക്കും എതിരെ നന്ദിഗ്രാമില്‍ മത്സരിക്കുന്നത്.

ജെഎന്‍യു ക്യാമ്പസ് സമരത്തിലെ സംഘര്‍ഷത്തില്‍ പരിക്കേറ്റ് കഴിഞ്ഞ വര്‍ഷം വാര്‍ത്തകളില്‍ നിറഞ്ഞ് നിന്ന ഐഷിഘോഷ് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായിരിക്കെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആദ്യ വ്യക്തിയായി മാറിയിരിക്കുകയാണ്. ബിജെപിയ്ക്കും തൃണമൂലിനും എതിരായി ബംഗാളില്‍ കോണ്‍ഗ്രസുമായി ചേര്‍ന്നാണ് ഇടതുപക്ഷം മത്സരിക്കുന്നത്.