പ്രതിഷേധത്തിൽ പാർട്ടി നടപടിയെടുക്കില്ല;കാര്യങ്ങൾ വിശദീകരിക്കും, അത് അംഗീകരിക്കപ്പെടും: എ. വിജയരാഘവൻ

single-img
10 March 2021

സിപിഎമ്മിന്റെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് പരസ്യ പ്രതിഷേധത്തിന് ഇറങ്ങിയവർക്കെതിരെ നടപടിയെടുക്കില്ലെന്ന് സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. കേവല പ്രാദേശികതകളിലല്ല സ്ഥാനാർത്ഥിത്വം രൂപപ്പെടുന്നത്. വിപുലമായ ഉൾപ്പാർട്ടി ചർതച്ചകളിൽ നിന്ന് രൂപം കൊള്ളുന്ന യുക്തികളിലാണ് സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത്.

സ്ഥാനാർത്ഥിപട്ടിക വന്ന് കഴിഞ്ഞാൽ പൊതുവേ വിരുദ്ധാഭിപ്രായമുള്ളവരെല്ലാം പാർട്ടിക്കൊപ്പം നിൽക്കുന്നതാണ് കാണാറുള്ളത്. പ്രതിഷേധക്കാരിൽ പാർട്ടി അംഗങ്ങൾ അത്യപൂർവമായേ ഉണ്ടാവൂ. കഴിഞ്ഞ തവണ നിലമ്പൂരിൽ 32 പ്രകടനം നടന്നു. അവരെല്ലാം നന്നായി പ്രവർത്തിച്ചാണ് ആര്യാടൻ മുഹമ്മദിന്റെ മകനെ തോൽപ്പിച്ചത്. ഇപ്പോഴത്തെ പ്രതിഷേധത്തിൽ പാർട്ടി നടപടിയെടുക്കില്ല.

ഇന്നാണ് സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിച്ചത്. ഇതിന് മുൻപുള്ളത് ഊഹാപോഹമാണ്. അതിന്റെ ഭാഗമായുള്ള പ്രതിഷേധങ്ങളെ പാർട്ടി അച്ചടക്കവുമായി കൂട്ടിക്കെട്ടേണ്ടതില്ല. പാർട്ടിയിൽ ഏത് ചുമതല വഹിക്കണമെന്നത് പാർട്ടിയാണ് തീരുമാനിക്കുന്നത്. ആ ചുമതല ഭംഗിയായി നിർവഹിക്കുന്നവർ നേതൃനിരയിലേക്ക് വരും. പാർലമെന്ററി സ്ഥാനത്തെ അംഗീകാരം മാത്രമല്ല നേതൃനിരയിലേക്ക് വരാനുള്ള മാനദണ്ഡം. ഇപ്പോൾ പാർലമെന്ററി രംഗത്തുള്ള ചിലരെ പാർട്ടി നേതൃനിരയിലേക്കും പാർട്ടി നേതൃനിരയിലുള്ള ചിലരെ പാർലമെന്ററി രംഗത്തേക്കും മാറ്റുന്നുവെന്നേയുള്ളൂ.- അദ്ദേഹം പറഞ്ഞു.