മുസ്ലീം ലീഗ് പ്രവര്‍ത്തക വണ്ടൂരില്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി

single-img
10 March 2021

ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ വണ്ടൂരില്‍ മുന്‍ മുസ്ലിംലീഗ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി പി എം സ്ഥാനാര്‍ത്ഥി. പളളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന പി മിഥുനയാണ് സി പി എമ്മിനായി മത്സരിക്കുന്നത്.

നേരത്തെ മുസ്ലിംലീഗ് ടിക്കറ്റില്‍ കോഴിപ്പുറം വാര്‍ഡില്‍ നിന്ന് ജയിച്ചായിരുന്നു മിഥുന പ്രസിഡന്റായത്.തനിക്കുള്ള കാസ്റ്റിങ് വോട്ടുപയോഗിച്ച്‌ മിഥുന പലപ്പോഴും ഇടതുപക്ഷ നീക്കങ്ങളെ വിജയിപ്പിച്ചത് ലീഗിനും യു ഡി എഫിനും വെല്ലുവിളിയുയര്‍ത്തിയിരുന്നു. രണ്ടു വര്‍ഷം പിന്നിട്ടതോടെയാണ് മിഥുന ഇടതുപക്ഷത്തോട് അനുഭാവം കാണിച്ചത്.

പ്രസിഡന്റ് ഇടതുപക്ഷത്തോടൊപ്പംനിന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ ഭരണസമിതിയില്‍ ഇരുപക്ഷത്തും 11 വീതം അംഗബലം എന്ന അസാധാരണ സാഹചര്യമുണ്ടായി. ഇടതുപക്ഷ യുവജന സംഘടനകളുടെ പരിപാടികളില്‍ പങ്കെടുത്തതും മന്ത്രി ജലീല്‍ പങ്കെടുത്ത കുടിവെള്ള ഉദ്ഘാടനച്ചടങ്ങില്‍ ലീഗിന്റെ വിലക്ക് ലംഘിച്ച്‌ പങ്കെടുത്തതും പ്രശ്നം രൂക്ഷമാക്കി. ഇതിനെത്തുട‌ര്‍ന്ന് ലീഗ് മിഥുനയെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

യു ഡി എഫ് ഭരിക്കുന്ന പഞ്ചായത്ത് ഹാളിന് ഇഎംഎസിന്റെ പേര് നല്‍കിയും ഇവര്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.2019ല്‍ മുസ്ലീം ലീ​ഗ് പ്രവ‌ര്‍ത്തക‌ര്‍ മിഥുനയെ കെെയ്യേറ്റം ചെയ്തതായും ജാതിപ്പേര് വിളിച്ച്‌ ആക്ഷേപിച്ചതായുമുളള വാ‌ര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ​ഗ്രാമസഭ കൂടിയതുമായി ബന്ധപ്പെട്ട് നടന്ന ത‌ര്‍ക്കമായിരുന്നു അന്ന് കെെയ്യേറ്റത്തിലേക്ക് നയിച്ചത്. സി പി എം പട്ടികയിലെ പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍ കൂടിയാണ് മിഥുന.