ബംഗാളില്‍ കത്തോലിക്കാ പുരോഹിതൻ 22 വർഷത്തെ സേവനം മതിയാക്കി സഭ വിട്ട് ബിജെപിയില്‍ ചേര്‍ന്നു

single-img
10 March 2021

പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലുള്ള ലയോള ഹൈസ്‌കൂൾ പ്രിൻസിപ്പൽ ഫാദർ റോഡ്‌നി ബോർണിയോ ബിജെപിയിൽ ചേർന്നു. ഇന്നലെയായിരുന്നു ഇദ്ദേഹം സഭാ സ്ഥാനങ്ങൾ ഉപേക്ഷിച്ച് ഔദ്യോഗികമായി ബിജെപിയിൽ അംഗത്വമെടുത്തത്.

ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റ് മുകുൾ റോയ്, പശ്ചിമ ബംഗാള്‍ പാർട്ടി സെക്രട്ടറി സബ്യാസാച്ചി ദത്ത, പാർട്ടി വക്താവ് ഷാമിക് ഭട്ടാചാര്യ എന്നിവരുടെ സാന്നിധ്യത്തിലാണ് ബോർണിയോ പാർട്ടിയിൽ ചേർന്നത്. കഴിഞ്ഞ 22 വർഷമായി താൻ സഭയ്ക്കും സഭാവിശ്വാസികൾക്കുമായി സേവനമനുഷ്ഠിച്ച താൻ ബിജെപിയിൽ ചേർന്നത് തന്റെ ജീവിതത്തിലെ തന്നെ പുതിയ വഴിത്തിരിവാണെന്ന് ബോർണിയോ അഭിപ്രായപ്പെട്ടു.

ഇനിയുള്ളകാലം സഭയ്ക്ക് പുറത്തുള്ള ആളുകളെ സേവിക്കാനാണ് തന്റെ തീരുമാനമെന്നും ബോർണിയോ പറയുന്നു . 1999 മുതൽ 2009 കാലഘട്ടം വരെപുരോഹിതനാകാൻ പരിശീലനം നേടിയ ഇദ്ദേഹം 2009ലാണ് പൗരോഹിത്യം സ്വീകരിച്ചത്. ആർച്ച് ബിഷപ്പ് തോമസ് ഡിസൂസയോട് തന്റെ തീരുമാനങ്ങൾ അറിയിച്ച് പ്രിൻസിപ്പൽ സ്ഥാനമൊഴിയുകയായിരുന്നു. തുടര്‍ന്ന് ബിഷപ്പ് അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചു.

അതേസമയം, ദുഃഖകരമായ തീരുമാനമാണിതെന്ന് കൊൽക്കത്ത അതിരൂപത കത്തോലിക്കാ സഭാ മേധാവി ആർച്ച് ബിഷപ്പ് ഡിസൂസ പറഞ്ഞു. മറ്റുള്ള പുരോഹിതന്മാർ റോഡ്‌നി ബോർണിയോയുടെ തീരുമാനത്തെ ഞെട്ടിക്കുന്ന വാർത്ത എന്നാണ് വിശേഷിപ്പിച്ചത്.