ഇന്ത്യന്‍ കര്‍ഷക സമരം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ചര്‍ച്ചയായി; ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് കേന്ദ്രം

single-img
9 March 2021

കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക സമരത്തെക്കുറിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ചര്‍ച്ച സംഘടിപ്പിച്ചതിനെതിരെ പ്രതികരണവുമായി ഇന്ത്യ. ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറെ നേരിട്ട് വിളിച്ചുവരുത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതിഷേധം അറിയിച്ചത്. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വി ശ്രിംഗ്‌ളയാണ് ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ അലക്‌സ് ഡബ്ലിയു എല്ലിസിനെ വിളിച്ചുവരുത്തി വിമര്‍ശിച്ചത്.

ബ്രിട്ടനെ സംബന്ധിച്ച് മറ്റൊരു ജനാധിപത്യ രാജ്യത്തെ രാഷ്ട്രീയ കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടലാണ് നടന്നതെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞു. വേറൊരു രാജ്യത്ത് നടക്കുന്ന സംഭവങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നതില്‍ നിന്ന് ബ്രിട്ടീഷ് എം പിമാര്‍ മാറി നില്‍ക്കേണ്ടതാണെന്നും ഇന്ത്യ ആവശ്യപ്പെടുന്നതായി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

അതേസമയം തന്നെ ഇന്ത്യയില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നവരുടെ സുരക്ഷിതത്വത്തെയും മാധ്യമസ്വാതന്ത്ര്യത്തെയും കുറിച്ച് ബ്രിട്ടീഷ് എം പിമാര്‍ ചര്‍ച്ച നടത്തിയതില്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അപലപിക്കുകയും ചെയ്തിട്ടുണ്ട്.