സിപിഎം സ്ഥാനാർഥി പട്ടികക്ക് ഇന്ന് അന്തിമരൂപം

single-img
8 March 2021

കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സി.പി.എം. സ്ഥാനാർഥി പട്ടിക ഇന്ന് തയ്യാറാകും. ഇന്ന് വീണ്ടും സംസ്ഥാന സെക്രട്ടേറിയറ്റ് ചേർന്ന് സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമരൂപം നൽകും. ശനി, ഞായർ ദിവസങ്ങളിലായി വിവിധ ജില്ലാ കമ്മിറ്റികളുടെ യോഗത്തിനുശേഷം ഉയർന്ന അഭിപ്രായപ്രകടനങ്ങൾകൂടി കണക്കിലെടുത്തായിരിക്കും തീരുമാനം.

സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റെ തീരുമാനം പൊളിറ്റ് ബ്യൂറോയുടെ അനുമതിയോടെ അതത് മണ്ഡലം കമ്മിറ്റികളിൽ റിപ്പോർട്ട് ചെയ്യുന്നതോടെ സി.പി.എമ്മിന്റെ സ്ഥാനാർഥിനിർണയ പ്രക്രിയ പൂർത്തിയാവും. മുഖ്യമന്ത്രി പിണറായി വിജയൻ സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം ഉച്ചയ്ക്കുതന്നെ വിമാനമാർഗം കണ്ണൂരിലേക്ക് തിരിക്കും. മൂന്ന് മണിക്ക് കണ്ണൂർ വിമാനത്താവളത്തിൽ മുഖ്യമന്ത്രിക്ക് വലിയ സ്വീകരണം ഒരുക്കുന്നുണ്ട്. തുടർന്ന് അദ്ദേഹത്തെ മണ്ഡലമായ ധർമടത്തേക്ക് ആനയിക്കും.

തിരുവനന്തപുരം അരുവിക്കര മണ്ഡലത്തിലെ സ്ഥാനാർഥിയെച്ചൊല്ലിയും തർക്കമുണ്ട്. ജില്ലാക്കമ്മിറ്റി ഇപ്പോഴും വി.കെ. മധുവിന്റെ പേരിനാണ് പ്രാധാന്യം നൽകുന്നത്. സംസ്ഥാന നേതൃത്വമാണ് ജി. സ്റ്റീഫനെ നിർദേശിച്ചത്. കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന് കുറ്റ്യാടി, റാന്നി എന്നീ മണ്ഡലങ്ങൾ വിട്ടുകൊടുത്തതിനെതിരെയും വിമർശനമുയർന്നിരുന്നു.

കഴിഞ്ഞതവണ നഷ്ടപ്പെട്ട കുറ്റ്യാടി സീറ്റ് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കുഞ്ഞഹമ്മദ് കുട്ടി മാസ്റ്ററിലൂടെ തിരിച്ചുപിടിക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു ജില്ലാ നേതൃത്വം. തിരുവമ്പാടി വിട്ടുകൊടുത്ത് കുറ്റ്യാടി തിരിച്ചെടുക്കണമെന്ന ആവശ്യവും ചില കേന്ദ്രങ്ങളിൽ ഉയർന്നു. തൊട്ടടുത്ത മണ്ഡലമായ നാദാപുരത്ത് സി.പി.ഐ. യാണ് മത്സരിക്കുന്നത്. കുറ്റ്യാടികൂടി കൈവിട്ടുപോയാൽ ആ മേഖലയിൽ പാർട്ടിസാന്നിധ്യം കുറഞ്ഞുപോകുമെന്ന അഭിപ്രായമാണ് പ്രാദേശികമായി ഉയർന്നത്. പാർട്ടി വർഷങ്ങളായി ജയിച്ചുവരുന്ന റാന്നിയുടെ കാര്യത്തിലും ഇതുതന്നെ വിമർശനം.