എല്‍ഡിഎഫിലെ പതിവ് തെറ്റിച്ച് പിണറായി; സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുന്നേ പരസ്യ പ്രചരണം ഇന്ന് മുതല്‍ തുടങ്ങും

single-img
8 March 2021

പരസ്യമായി പ്രചരണം സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പ് തുടങ്ങുന്ന രീതി എല്‍ഡിഎഫില്‍ ഇല്ലെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ പതിവ് തെറ്റിച്ച് ഇന്ന് മുതല്‍ പ്രചരണം തുടങ്ങും. സ്വന്തം മണ്ഡലമായ ധര്‍മടത്ത് ബുധനാഴ്ച മുതല്‍ പര്യടനം ആരംഭിക്കും. വൈകിട്ട് കണ്ണൂര്‍ വിമാനതാവളത്തില്‍ എത്തുന്ന പിണറായിക്ക് കണ്ണൂര്‍ വിമാനതാവളത്തില്‍ വന്‍ സ്വീകരണമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ മണ്ഡല പര്യടനം ഇന്ന് മുതല്‍ ഈ മാസം 16 വരെയാണ്. ഇതിനിടയില്‍ നാമനിര്‍ദേശ പത്രികയും സമര്‍പ്പിക്കും. സാധാരണഗതിയില്‍ ഔദ്യോഗികമായി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാതെ സ്ഥാനാര്‍ഥികള്‍ പരസ്യ പ്രചാരണത്തിന് ഇറങ്ങുന്ന പതിവ് സിപിഎമ്മില്‍ ഇല്ല.

ഇന്ന് മുതല്‍ തുടര്‍ച്ചയായി ഒന്‍പത് ദിവസമാണ് അദ്ദേഹം മണ്ഡലത്തില്‍ ഉണ്ടാവുക. ഏഴ് ദിവസം നീളുന്ന പര്യടന പരിപാടിയില്‍ 46 കേന്ദ്രങ്ങളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുക. നാളെ മണ്ഡലത്തിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഈ മാസം 10 മുതലാണ് മണ്ഡല പര്യടനം ആരംഭിക്കുക.

വിമാനത്താവളം മുതല്‍ പിണറായി വരെ 18 കിലോമീറ്റര്‍ ദൂരം റോഡ് ഷോക്ക് സമാനമായ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. ദിവസവും രാവിലെ 10ന് തുടങ്ങി വൈകിട്ട് അഞ്ചരയോടെ അവസാനിക്കുന്ന തരത്തിലാണ് പ്രചരണ പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. 16 ന് ശേഷം സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ മറ്റുള്ളവരുടെ പ്രചാരണത്തിന് പോകുന്ന മുഖ്യമന്ത്രി അവസാന ഘട്ടത്തില്‍ മാത്രമേ പിന്നീട് സ്വന്തം മണ്ഡലത്തിലേക്ക് തിരിച്ചെത്തൂ.