അന്താരാഷ്ട്ര വനിതാദിനം: കര്‍ഷക സമരം ഇന്ന് വനിതകൾ നയിക്കും

single-img
8 March 2021

അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് കര്‍ഷക പ്രതിഷേധത്തിന് വനിതകള്‍ നേതൃത്വം നല്‍കും. പഞ്ചാബ്, ഹരിയാണ, ഉത്തര്‍ പ്രദേശ് തുടങ്ങിയിടങ്ങളില്‍നിന്നുള്ള നാല്‍പ്പതിനായിരത്തോളം വനിതാകര്‍ഷകര്‍ ഡല്‍ഹിയിലേക്ക് എത്തിച്ചേരുമെന്ന് കര്‍ഷക സംഘടനകള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഞായറാഴ്ച രാവിലെയാണ് വനിതകളില്‍ ഭൂരിഭാഗം പേരും ഡല്‍ഹിയിലേക്കുള്ള യാത്ര ആരംഭിച്ചത്.

കര്‍ഷക സമരത്തില്‍, സംയുക്ത കിസാന്‍ മോര്‍ച്ച എല്ലായ്‌പ്പോഴും വനിതാകര്‍ഷകരുടെ കരുത്തിന് പ്രാധാന്യം നല്‍കിയിട്ടുണ്ട്. ടോള്‍ പ്ലാസകളോ സ്ഥിരം സമരവേദികളോ ആകട്ടെ, എല്ലാ പ്രതിഷേധ കേന്ദ്രങ്ങളിലും വനിതകള്‍ നേതൃത്വം നല്‍കും. ഇത് അവരുടെ ദിവസമാണ്- സ്വരാജ് ഇന്ത്യ അധ്യക്ഷന്‍ യോഗേന്ദ്ര യാദവിനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

സിംഘു, ടിക്രി, ഗാസിപുര്‍ തുടങ്ങിയ പ്രതിഷേധ കേന്ദ്രങ്ങളിലേക്കാണ് വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള വനിതകള്‍ എത്തുക. എല്ലാ കാര്‍ഷിക സംഘടനകള്‍ക്കും വനിതാ വിഭാഗം ഉണ്ടെങ്കിലും ഏറ്റവും കൂടുതല്‍ അംഗബലമുള്ളത് ഭാരതീയ കിസാന്‍ യൂണിയ(ഉഗ്രഹന്‍)നാണ്. തിങ്കളാഴ്ച അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ച ശേഷം സ്ത്രീകള്‍ വീടുകളിലേക്ക് മടങ്ങുമെന്നും കര്‍ഷക സംഘടനാ നേതാക്കള്‍ അറിയിച്ചു.