കുട്ടികള്‍ക്ക് ചോക്കളേറ്റ് നല്‍കി പ്രലോഭിപ്പിച്ച ശേഷം അശ്ലീല വീഡിയോ കാണാൻ നിര്‍ബന്ധിക്കും; 12കാരിയുടെ അമ്മയുടെ പരാതിയിൽ 68കാരന്‍ പിടിയില്‍

single-img
8 March 2021

കുട്ടികള്‍ക്ക് ചോക്കളേറ്റ് നല്‍കി പ്രലോഭിപ്പിച്ച ശേഷം അശ്ളീല വീഡിയോ കാണാൻ നിര്‍ബന്ധിക്കുന്ന വൃദ്ധനെ പോലീസ് അറസ്റ്റ് ചെയ്തു. 68 വയസുള്ള വൈകൃതത്തിന് ഇരയായ 12 വയസ്സുള്ള കുട്ടി അമ്മയെ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്.

തന്റെ കുട്ടിയെ പോൺ വീഡിയോ കാണിക്കാൻ വൃദ്ധൻ ശ്രമിച്ചതായി അമ്മ പോലീസിനെ അറിയിക്കുകയായിരുന്നു. ചെന്നൈയിലെ എന്നോറിലാണ് സംഭവം നടന്നത്. പ്രതിയായ പുഷ്പരാജിൻ്റെ വീട്ടിൽ കുട്ടിയുടെ അമ്മ സഹായിയായി പോയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചോക്കളേറ്റുകള്‍ നല്‍കിയ ശേഷം ഗെയിം കളിക്കാനായി പുഷ്പരാജ് കുട്ടിയ്ക്ക് മൊബൈൽ ഫോൺ കൊടുക്കുകയായിരുന്നു. പിന്നാലെ കുട്ടിയെ നിര്‍ബന്ധിച്ച് നീലച്ചിത്രങ്ങള്‍ കാണിക്കുകയായിരുന്നുവെന്നാണ് ആരോപണം. ഇതിനിടെ കുട്ടിയെ ദുരുപയോഗം ചെയ്യാൻ ശ്രമിച്ചതായും ആരോപണമുണ്ട്. സംഭവം അറിഞ്ഞ അമ്മ പ്രതിയായ 68കാരനെ ചോദ്യം ചെയ്യുകയായിരുന്നു.

വൃദ്ധൻ്റെ കൈവശമുള്ള ഫോണിൽ അശ്ലീലചിത്രങ്ങളുണ്ടെന്ന് വ്യക്തമായതിനെ തുടര്‍ന്ന് അമ്മ പോലീസിൽ പരാതിയുമായി സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സമാനമായ രീതിയിൽ വൃദ്ധൻ മൂന്ന് പെൺകുട്ടികളെക്കൂടി ഉപദ്രവിക്കാൻ ശ്രമിച്ചതായി വ്യക്തമായത്. 12കാരിയുടെ അമ്മ നൽകിയ പരാതിയിൽ പോലീസ് ഐടി നിയമത്തിലെയും പോക്സോ നിയമത്തിലെയും വകുപ്പുകള്‍ ചേര്‍ത്ത് വൃദ്ധനെതിരെ കേസെടുക്കുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച ഇയാളെ അറസ്റ്റ് ചെയ്യുകയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു.