രണ്ട് പേരല്ല, 130 കോടി ജനങ്ങളാണ് എന്റെ സുഹൃത്തുക്കൾ; രാഹുലിന് മറുപടിയുമായി പ്രധാനമന്ത്രി

single-img
7 March 2021

നമ്മുടെ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ ‘രണ്ടു സുഹൃത്തുക്കൾക്ക്’ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിമർശനത്തിന് മറുപടിയുമായി നരേന്ദ്ര മോദി. എന്നാൽ തന്റെ പരാമർശത്തിൽ രാഹുലിന്റെ പേര് പറയാതെയായിരുന്നു ബംഗാളിലെ മെഗാ റാലിയിൽ ജനങ്ങളെ അഭിസംബോധന ചെയ്യവെ മോദി മറുപടി പറഞ്ഞത്.

‘എന്റെ എതിരാളികൾ പറയുന്നു ഞാൻ എന്റെ സുഹൃത്തുക്കൾക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്ന്. ഞങ്ങള്‍ക്കൊപ്പം വളരുന്നവര്‍ ഞങ്ങളുടെ മികച്ച സുഹൃത്തുക്കളാണ്. ഞാന്‍ വളരെ ദാരിദ്ര്യത്തിൽനിന്നാണ് വളർന്നുവന്നത്. ഇന്ത്യയുടെ ഓരോ കോണിലും ജീവിക്കുന്ന പാവങ്ങളുടെ അവസ്ഥ എനിക്ക് മനസ്സിലാകും. ആ 130 കോടി ജനങ്ങളാണു എനിക്ക് സുഹൃത്തുക്കൾ. ഞാൻ ആ സുഹൃത്തുക്കൾക്കായി പ്രവർത്തിക്കുന്നു. അതു തുടരുകതന്നെ ചെയ്യും.’– മോദി പ്രസംഗത്തിൽ പറഞ്ഞു.

ഇതോടൊപ്പം തന്നെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെയും മോദി രൂക്ഷമായി വിമർശിച്ചു. ബംഗാളിൽ മാറ്റം വരുമെന്ന പ്രഖ്യാപനവുമായി അധികാരത്തിൽ എത്തിയ മമത ജനങ്ങളെ വഞ്ചിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാന തലസ്ഥാനമായ കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലായിരുന്നു ബിജെപിയുടെ റാലി നടന്നത്.