‘വി​ശ​പ്പു​ര​ഹി​ത കേ​ര​ളം (സു​ഭി​ക്ഷ)’ പ​ദ്ധ​തി മൂ​ന്ന് ജി​ല്ല​ക​ളി​ലാ​യി ഒ​തു​ങ്ങി; ബ​ജ​റ്റി​ൽ നീ​ക്കി​വെ​ച്ച കോ​ടി​ക​ളും പാ​ഴാ​യി

single-img
6 March 2021

കേരള സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച വി​ശ​പ്പു​ര​ഹി​ത കേ​ര​ളം പദ്ധതിയായ സു​ഭി​ക്ഷ പ​ദ്ധ​തി പാ​തി​വ​ഴി​യി​ൽ. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ​രും ഭ​ക്ഷ്യ​വ​കു​പ്പിന്‍റെ ന​ട​പ​ടി​ക​ളോ​ട് മു​ഖം​തി​രി​ഞ്ഞ് നി​ന്ന​തോ​ടെ പ​ദ്ധ​തി മൂ​ന്ന് ജി​ല്ല​ക​ളിൽ മാത്രമായി ഒ​തു​ങ്ങി. ഇ​തോ​ടെ പദ്ധതിക്കായി ബ​ജ​റ്റി​ൽ നീ​ക്കി​വെ​ച്ച കോ​ടി​ക​ളും പാ​ഴാ​യി.ആ​ശ്ര​യ​വും വ​രു​മാ​ന​വു​മി​ല്ലാ​ത്ത​വ​ർ​ക്ക് ഒ​രു നേ​ര​ത്തെ​യെ​ങ്കി​ലും ആ​ഹാ​രം സൗ​ജ​ന്യ​മാ​യി ന​ൽ​കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് 2017ൽ ​ഇ​ട​ത് സ​ർ​ക്കാ​ർ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത്.

സംസ്ഥാന ഭ​ക്ഷ്യ​വ​കു​പ്പിെൻറ നേ​തൃ​ത്വ​ത്തി​ൽ കു​ടും​ബ​ശ്രീ മു​ഖേ​ന ആ​രം​ഭി​ക്കു​ന്ന ഉ​ച്ച​ഭ​ക്ഷ​ണ​ശാ​ല​യി​ൽ​നി​ന്ന് അ​ശ​ര​ണ​രാ​യ കി​ട​പ്പു​രോ​ഗി​ക​ൾ​ക്ക് ഭ​ക്ഷ​ണം വീ​ട്ടി​ലെ​ത്തി​ച്ചും അ​ഗ​തി​ക​ൾ​ക്ക് സൗ​ജ​ന്യ കൂ​പ്പ​ൺ മു​ഖേ​ന​യും മ​റ്റ് ആ​വ​ശ്യ​ക്കാ​ർ​ക്ക് 20 രൂ​പ നി​ര​ക്കി​ലും ഊ​ണ് ന​ൽ​കു​ന്ന​താ​യി​രു​ന്നു പ​ദ്ധ​തി. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 70 ല​ക്ഷ​വും ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി.

എ​ന്നാ​ൽ, ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ അലംഭാവം മൂ​ലം 2019 ആ​ഗ​സ്​​റ്റി​ലാ​ണ് ആ​ദ്യ​മാ​യി ഉ​ച്ച​ഭ​ക്ഷ​ണ​ശാ​ല ആ​രം​ഭി​ക്കാ​നാ​യ​ത്. ഭ​ക്ഷ​ണ​ശാ​ല​ക​ൾ​ക്കാ​വ​ശ്യ​മാ​യ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളും മ​റ്റ് പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ളും സ​ബ്സി​ഡി തു​ക​ക്ക് സി​വി​ൽ സ​പ്ലൈ​സ് കോ​ർ​പ​റേ​ഷ​നാ​ണ് ന​ൽ​കി​യ​ത്. ആ​ല​പ്പു​ഴ ജി​ല്ല​യി​ലാണ് ആദ്യത്തെ ഭക്ഷണശാല പ്രവർത്തനമാരംഭിച്ചത്.

ആ​ല​പ്പു​ഴ​യി​ൽ വി​ജ​യം ക​ണ്ട​തോ​ടെ 13 ജി​ല്ല​ക​ളി​ലും ന​ട​പ്പാ​ക്കാ​ൻ 2019-2020ൽ 14 ​കോ​ടി വ​ക​യി​രു​ത്തി​യെ​ങ്കി​ലും കോ​ട്ട​യ​ത്തും തൃ​ശൂ​രും മാ​ത്ര​മാ​ണ് ഭ​ക്ഷ​ണ​ശാ​ല ആ​രം​ഭി​ക്കാ​നാ​യ​ത്. ഹോ​ട്ട​ലു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന് സ്ഥ​ലം ക​ണ്ടെ​ത്തു​ന്ന​തി​ൽ ക​ല​ക്ട​ർ​മാ​ർ താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ക്കാ​ത്ത​തും ക​ണ്ടെ​ത്തു​ന്ന സ്ഥ​ലം വി​ട്ടു​ന​ൽ​കു​ന്ന​തി​നു​ള്ള ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​മു​ഖ​ത​യും ഉ​യ​ർ​ന്ന വാ​ട​ക​യും പ​ദ്ധ​തി​ക്ക് തി​രി​ച്ച​ടി​യാ​യി. ന​ട​പ്പു​സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​ക​ളി​ൽ ഭ​ക്ഷ​ണ​ശാ​ല​ക​ൾ ആ​രം​ഭി​ക്കാ​ൻ 84 ല​ക്ഷം ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ഴ​പ്പി​യ​തോ​ടെ പ​ദ്ധ​തി പാ​ളി.