ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കടന്നു

single-img
6 March 2021

അഹമ്മദാബാദ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ഇന്നിംഗ്സിനും 25 റൺസിനും പരാജയപ്പെടുത്തി ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്തി. സ്കോര്‍- ഇന്ത്യ 365, ഇംഗ്ലണ്ട് 205, 135 മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്‌സിൽ ഇംഗ്ലണ്ടിനെ 135ന് പുറത്താക്കിയാണ് ഇന്ത്യ ഈ വിജയം സ്വന്തമാക്കിയത്.

ഇന്ത്യയ്ക്കായി അക്‌സർ പട്ടേലും അശ്വിനും അഞ്ചുവിക്കറ്റ് വീതം വീഴ്‌ത്തി. ഇംഗ്ലണ്ടിന്റെ നാല് ബാറ്റ്സ്‌മാൻമാർ മാത്രമാണ് രണ്ടക്കം കടന്നത്. ടെസ്റ്റ് കരിയറിലെ രണ്ടാമത്തെ മാത്രം അർദ്ധ സെഞ്ച്വറി കണ്ടെത്തി 95 പന്തിൽ ആറു ഫോറുകൾ സഹിതം 50 റൺസെടുത്ത ഡാനിയൽ ലോറൻസാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ.

മത്സരത്തിന്റെ രണ്ട് ഇന്നിംഗ്സുകളിൽ നിന്നായി ഒന്‍പത് വിക്കറ്റ് വീഴ്‌ത്തിയ അക്‌സർ പട്ടേൽ, അരങ്ങേറ്റ ടെസ്റ്റ് പരമ്പരയിൽ കൂടുതൽ വിക്കറ്റെടുക്കുന്ന താരമെന്ന റെക്കോർഡ് സ്വന്തമാക്കി. ഈ പരമ്പരയില്‍ ഇതുവരെ മൂന്നു ടെസ്റ്റുകളിൽ കളിച്ച അക്ഷർ, ആകെ വീഴ്‌ത്തിയത് 27 വിക്കറ്റുകളാണ്. 2008ൽ ഇന്ത്യയ്‌ക്കെതിരെ അരങ്ങേറ്റ പരമ്പരയിൽ 26 വിക്കറ്റ് വീഴ്‌ത്തിയ ശ്രീലങ്കൻ താരം അജാന്ത മെൻഡിസിന്റെ റെക്കോർഡാണ് അക്‌സർ തകർത്തത്.