എത്ര സീറ്റ് തന്നു എന്നതല്ല, മുതിർന്ന നേതാവായ ഉമ്മൻ ചാണ്ടിയോടുള്ള ഡിഎംകെയുടെ സമീപനമാണ് വിഷമിപ്പിച്ചത്: തമിഴ്നാട് പിസിസി അധ്യക്ഷന്‍

single-img
6 March 2021

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ചർച്ചയിൽ ഡിഎംകെ മോശമായാണ് പെരുമാറിയതെന്ന് തമിഴ്നാട് പിസിസി പ്രസിഡന്റ് കെ എസ് അഴഗിരി. കോൺഗ്രസ് പാര്‍ട്ടിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ ഡിഎംകെ സ്വീകരിച്ച സമീപനം പങ്കുവെച്ച് അഴഗിരി വികാരാധീനനായി സംസാരിക്കുകയും ചെയ്തു.

എത്ര സീറ്റ് തന്നു എന്നതല്ല, ഒരു മുതിർന്ന കോൺഗ്രസ് നേതാവായ ഉമ്മൻ ചാണ്ടിയോടുള്ള ഡിഎംകെയുടെ സമീപനം വിഷമിപ്പിച്ചെന്ന് അഴഗിരി തന്റെ സംഭാഷണത്തില്‍ പറഞ്ഞു. തമിഴ്നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെയും കോൺഗ്രസും ഒറ്റ സഖ്യമായാണ് മത്സരിക്കുന്നത്.എന്നാല്‍ കോൺഗ്രസിനെ വിശ്വസിക്കാനാവില്ലെന്നാണ് ഡിഎംകെയുടെ നിലപാട്.

മത്സരിക്കാനായി ഇരുപത് സീറ്റിൽ കൂടുതല്‍ ഒരു കാരണത്താലും കോൺഗ്രസിന് നൽകാനാവില്ലെന്ന് ഡിഎംകെ നേതാവ് സ്റ്റാലിൻ പറഞ്ഞിരുന്നു. മുന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിനേക്കാൾ കൂടുതൽ സീറ്റുകൾ വേണമെന്നാണ് പക്ഷെ കോൺഗ്രസിന്റെ ആവശ്യം.എന്നാല്‍, കഴിഞ്ഞ തവണ 41 സീറ്റുകൾ നൽകിയെങ്കിലും എട്ട് സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ് വിജയിച്ചത്. ഈ പശ്ചാത്തലത്തിലാണ് കൂടുതൽ സീറ്റ് നൽകില്ലെന്ന ഉറച്ച തീരുമാനം ഡിഎംകെ സ്വീകരിച്ചിരിക്കുന്നത്.